കഴിഞ്ഞ തിങ്കളാഴ്‍ച മുതല്‍ ശനിയാഴ്‍ച വരെയാണ് കസ്റ്റംസ് സ്വപ്‍നയെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യലില്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്‍ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

കൊച്ചി: ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള വ്യക്തികൾ കള്ളക്കടത്തിനെ സഹായിച്ചിട്ടുണ്ടെന്ന് സ്വപ്‍നയുടെ മൊഴി. കസ്റ്റംസിന്‍റെ കസ്റ്റഡി ചോദ്യം ചെയ്യലിലാണ് ഞട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സ്വപ്‍നയുടെ ആവശ്യപ്രകാരം മൊഴിയുടെ പകർപ്പ് മുദ്ര വെച്ച കവറിൽ കോടതിക്ക് കൈമാറി. 

വൈകിട്ട് നാല് മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുപ്രണ്ട് വി വിവേകിന്‍റെ നേതൃത്വത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്‍നയുടെ മുദ്രവെച്ച മൊഴിപ്പകര്‍പ്പുമായി കോടതിയിലെത്തിയത്. തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡിഷണല്‍ സിജെഎം കോടതിയിലെ ചേംബറില്‍ കവര്‍ നേരിട്ട് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസമാണ് സ്വപ്‍നയെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. 

കള്ളക്കടത്തിന് സഹായം ചെയ്ത ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യക്തികളുടെ വിവരങ്ങളും ഇവര്‍ ഏത് തരത്തിലുള്ള സഹായമാണ് നല്‍കിയതെന്നതും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ സ്വപ്‍ന നല്‍കിയിട്ടുണ്ട്. ഈ മൊഴി മാറ്റിപ്പറയാന്‍ ഭാവിയില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടാകാമെന്ന് സ്വപ്‍ന ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരു കാരണവശാലും താന്‍ ഈ മൊഴിയില്‍ നിന്ന് പിന്‍മാറില്ല. മൊഴിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം . ഇതിനായി മുദ്രവെച്ച് കവറില്‍ മൊഴി പൂര്‍ണമായും കോടതിക്ക് കൈമാറാന്‍ സ്വപ്‍ന തന്നെ കസ്റ്റംസിനോട് ആവശ്യപ്പെടുകയായിരുന്നു.

കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരമാണ് പ്രതികളുടെ മൊഴി ശേഖരിക്കുന്നത്. കസ്റ്റംസ് ഇത്തരത്തില്‍ ശേഖരിക്കുന്ന മൊഴിക്ക് കോടതിയില്‍ നിയമപ്രാബല്യമുണ്ട്. എന്നാല്‍ പൊലീസിനോ എന്‍ഐഎക്കോ ഒരു പ്രതി നല്‍കുന്ന മൊഴിക്ക് ഇത്തരത്തില്‍ നിയമപരിരക്ഷയില്ല. ഈ മൊഴി പ്രതി നേരിട്ട് കോടതിയില്‍ ആവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍ക്കു. ഈ സാഹചര്യത്തില്‍ സ്വപ്‍നയുടെ മൊഴികള്‍ക്ക് നിര്‍ണയാക പ്രാധാന്യമുണ്ട്.