താന്‍ ചതിച്ചെന്ന് ശിവശങ്കര്‍ പറയുമെന്ന് കരുതിയില്ലെന്നും തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീന്‍ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു.

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ് (Swapna suresh). തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ശിവശങ്കറിന്‍റെ ആത്മകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്വപ്ന പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്പെയ്സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്നും സ്വപ്ന പറഞ്ഞു. സ്പെയ്സ് പാര്‍ക്കില്‍ ജോലി നേടാന്‍ ശുപാര്‍ശ ചെയ്തത് ശിവശങ്കറാണ്. എന്‍റെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്ര കണ്ടെന്നും സ്വപ്ന വ്യക്തമാക്കി. താന്‍ ചതിച്ചെന്ന് ശിവശങ്കര്‍ പറയുമെന്ന് കരുതിയില്ലെന്നും തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീന്‍ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. താന്‍ മാത്രം നല്ലത് എന്ന് വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. തന്നെ ചൂഷണം ചെയ്തു. താന്‍ ഇരയാണെന്നു സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു.

ശിവശങ്കറുമായി അടുപ്പത്തിലായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹത്തെ പോലെ മുതിർന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോൺ കൊടുത്ത് ചതിക്കാൻ മാത്രം സ്വപ്ന സുരേഷ് എന്ന താൻ വളർന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കിൽ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താൻ താത്പര്യപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.

ഐഫോൺ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ട്. പേഴ്സണൽ കംപാനിയൻ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തിൽ. കിട്ടിയ സമ്മാനങ്ങളിൽ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാൻ എന്തെങ്കിലും പറയാനാണെങ്കിൽ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു.

വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് അത് ക്ലോസ് ചെയ്യാമെന്ന് കരുതരുതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.