തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നു. അക്കൗണ്ട് വിശദാംശങ്ങൾ തേടി ബാങ്കിന് കത്ത് നൽകി. സ്വപ്നയ്ക്ക് ഇവിടെ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജർക്ക് എൻഫോഴ്സ്മെന്റ് കത്തയച്ചത്. ഇതേ ശാഖയിൽ  കോൺസുലേറ്റിന് ആറ് അക്കൗണ്ടുകൾ ഉണ്ട്.

അതിനിടെ യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബിൽ പുറത്ത് വന്നു. യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതിൽ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച ബില്ലിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന്റെ പരിപാടിയിൽ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷനായി നൽകിയെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ്‌ ഈപ്പന്‍റെ അവകാശവാദം. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് ഈ വെളിപ്പെടുത്തൽ.  കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.