രാജകുടുംബം എത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ഐ ടി ഹബ്ബ് തുടങ്ങാനുള്ള അവസരം ഒപ്പിച്ചെടുക്കണമെന്ന് ശിവശങ്കറാണ് തന്നോട് നിര്‍ദേശിച്ചത്. ഇതെല്ലാം ക്ലിഫ് ഹൗസില്‍ വച്ചാണ് സംസാരിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം. മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി ഹബ്ബ് തുടങ്ങാൻ ഷാർജ രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. 'ചതിയുടെ പത്മവ്യൂഹം' എന്ന് പേരിട്ടിട്ടുള്ള സ്വപ്നയുടെ പുസ്കത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

രാജകുടുംബം എത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ഐ ടി ഹബ്ബ് തുടങ്ങാനുള്ള അവസരം ഒപ്പിച്ചെടുക്കണമെന്ന് ശിവശങ്കറാണ് തന്നോട് നിര്‍ദേശിച്ചത്. ഇതെല്ലാം ക്ലിഫ് ഹൗസില്‍ വച്ചാണ് സംസാരിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ശിവശങ്കറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കൂടാതെ, രാജ കുടുംബം വരുമ്പോള്‍ എങ്ങനെ പെരുമാറണം, ആഥിത്യ മര്യാദകള്‍ എങ്ങനെ എന്നൊക്കെ കമലയെയും വീണയെയും പറഞ്ഞു പഠിപ്പിക്കുന്നതിനായി അനൗദ്യോഗികമായ സന്ദര്‍ശനങ്ങളും താന്‍ ക്ലിഫ് ഹൗസില്‍ നടത്തിയെന്ന് വീണ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് വിദേശത്ത് ഐടി ഹബ്ബ് തുടങ്ങാന്‍ സ്പോണ്‍സറായി ഒരുപാട് വലിയ വിദേശ വ്യവസായികളെ കിട്ടും. പക്ഷേ, അതിലെ ഇടപാടുകള്‍ ഇവിടെ ചര്‍ച്ചയാകും. ഷാര്‍ജ രാജകുടുംബത്തിലെ ഒരാള്‍ സ്പോണ്‍സറായാല്‍ അതിന് വലിയ പരിരക്ഷ ലഭിക്കും. രഹസ്യങ്ങളൊന്നും കണ്ടെത്താന്‍ ആര്‍ക്കും സാധിക്കില്ല. ഹെര്‍ ഹൈനസിന് നല്‍കാനായി ആഭരണപ്പെട്ടി വരെ കരുതിവച്ചിരുന്നു. എന്നാല്‍, അവര്‍ ഗവര്‍ണറുടെ അതിഥികള്‍ ആയിരുന്നതിനാല്‍ ടൂര്‍ പ്രോഗ്രാമില്‍ ക്ലിഫ് ഹൗസ് ഉള്‍പ്പെട്ടില്ല.

ആ സാഹചര്യത്തിലാണ് ശിവശങ്കറിന്‍റെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരം ഷെയ്ഖിന്‍റെ വാഹനവ്യൂഹത്തെ റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചത്. എന്നാല്‍, കമലയുടെ അമിതാവേശവും പെരുമാറ്റ രീതിയും ഹെര്‍ ഹൈനസിന് ഇഷ്ടമായില്ല, സമ്മാനമായി കരുതിയ ആഭരണപ്പെട്ടിയും സ്വീകരിച്ചില്ലെന്നും സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തില്‍ പറയുന്നു. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

'താന്‍ ശിവശങ്കറിന്‍റെ പാര്‍വ്വതി, കൗമാരക്കാരനെ പോലെ അദ്ദേഹം പ്രണയാതുരനായി'; 'ചതിയുടെ പത്മവ്യൂഹ'വുമായി സ്വപ്ന