മുഖ്യമന്ത്രിക്കെതിരെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ ലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി.

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ ആണ് സരിതയുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച കോടതി ഈ മാസം 23ന് മൊഴി രേഖപ്പെടുത്താൻ അനുമതി നൽകി.

ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- രണ്ടാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ ലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതായാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.

പി സി ജോര്‍ജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിത

പി സി ജോർജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്നയുടെ കയ്യിൽ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെടെന്നാണ് സരിത നൽകിയ മൊഴി. ജോർജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജിന്‍റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പും അന്വേഷണ സംഘത്തിന് സരിത കൈമാറിയിട്ടുണ്ട്.

Also Read:'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്‍റെ സമ്മര്‍ദ്ദം': മൊഴി നല്‍കി സരിത

അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയുടെ രഹസ്യമൊഴി എടുത്ത് സാക്ഷിയാക്കി ഗൂഢാലോചന അന്വേഷണം വ്യാപകമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.