കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് ലൈഫ്, സ്വർണ്ണക്കടത്തുകൾക്ക് പുറമേ മറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടും കമ്മീഷൻ കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തൽ. വീസ സ്റ്റാന്പിങ്ങുമായി ബന്ധപ്പെട്ട കരാറിലാണ് സ്വപ്ന കമ്മീഷൻ വാങ്ങിയത്. 

വീസ സ്റ്റാന്പിങ്ങുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥിയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിന് ചെന്നൈയിലെ ഫോർത്ത് ഫോഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിനായിരുന്നു കരാർ നൽകിയത്. കരാർ ലഭിക്കുന്നതിന് വേണ്ടി സ്ഥാപനം വൻ തുക സ്വപ്നയ്ക്ക് കമ്മീഷൻ നൽകി. എൻഫോഴ്സ്മെന്റിന് സ്വപ്ന നൽകിയ  മൊഴിയിലാണ് ഇക്കാര്യമുള്ളത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഫോർത്ത് ഫോഴ്സ് എംഡി ആർ എൻ ജയപ്രകാശിനേയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. കരാർ ലഭിക്കുന്നതിന് വേണ്ടി സ്വപ്നയ്ക്ക് പണം നൽകിയതായി ഇയാളും സമ്മതിച്ചിട്ടുണ്ട്. 

ജോലിയ്ക്കായി പോകുന്ന ഉദ്യോഗാർഥികളുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ഭാഗമായുളള പശ്ചാത്തല അന്വേഷണമാണ് സ്വകാര്യ ഏജൻസിയെ ഏൽപിച്ചത്. ഇതുവഴി ഉദ്യോഗാർഥികളിൽ നിന്ന് 6400 രൂപ അധികമായി ഈടാക്കാനായിരുന്നു നീക്കം. യുഎഇ സർക്കാർ തന്നെ ഇടപെട്ട് ഈ വ്യവസ്ഥ പിന്നീട് നിർത്തലാക്കി. കരാർ വഴി വലിയ നഷ്ടമുണ്ടായെന്ന് ഫോർത്ത് ഫോഴ്സും ഇൻഫോഴ്സ്മെൻറിനോട്  പറഞ്ഞിരുന്നു. ലൈഫിനും കളളക്കടത്ത് ഇടപാടിനും പുറമേയാണ് സ്വപ്നയ്ക്ക് ഇതിലും കമ്മീഷൻ ലഭിച്ചത്. 

പ്രളയത്തിലും കമ്മീഷൻ: 5 കോടിയുടെ പദ്ധതിയിൽ സ്വപ്ന കൈക്കലാക്കിയത് 25 ലക്ഷം

ഇതിനിടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇ കോൺസുലേറ്റ് വഴിയെത്തിയ പണത്തിന്‍റെ കണക്കും പുറത്തുവന്നു. 5 കോടി രൂപയാണ് 150 വീടുകളുടെ അറ്റകുറ്റപ്പണിയ്ക്കായി എത്തിയത്. ഇതിൽ 25 ലക്ഷം രൂപയാണ് സ്വപ്ന സുരേഷിന് കമ്മീഷൻ കിട്ടിയത്. കോൺസൽ ജനറൽ തന്നതെന്നാണ് സ്വപ്ന ഇഡിയോട് പറ‍ഞ്ഞത്.