സ്വപനയുടെ ഓഫീസിലും ഫ്ലാറ്റിലും കനത്ത പൊലീസ് സുരക്ഷ.24 മണിക്കൂറും പൊലീസ് വിന്യാസം.സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്തെന്ന് പൊലീസ്.

കൊച്ചി;കെ ടി ജലീലിന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും .കേസ് നിലനില്‍ക്കില്ലെന്ന് സ്വപ്ന വാദിക്കും.സ്വപ്നയും പി സി ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു ജലീലിന്‍റെ പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്. 

സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്നലെ തള്ളിയിരുന്നു . അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല. ഹർജിയ്ക്ക് പിറകിൽ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ ടി ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്‍റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്. 

സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിൻ്റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തു വിടും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ ഇന്നു പുറത്തുവിടും. വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്തുംവിടും . പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുകയെന്ന് സ്വപ്ന സ്ഥിരീകരിച്ചു. 

മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കയ്യിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം. 

'സ്വപ്നയോട് സംസാരിച്ചിട്ടില്ല, കേസുമായിബന്ധമില്ല', ഷാജ് കിരണിനെ അറിയില്ലെന്നും വിജയ് സാഖറെ 

കൊച്ചി: സ്വപ്നയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നും വിജയ് സാഖറെ പറഞ്ഞു. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാജ് കിരണിൻറെ ഫോണിൽ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്നാണ് ഇന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 

അതേസമയം സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്‍പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോർജ്ജും ചേർന്നുള്ള ഗൂഡാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിൻറെ പരാതി അന്വേഷിക്കാനാണ് വൻ സംഘം. കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻെറ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോർജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും.