എടപ്പാളിൽ നിന്ന് സീത യാത്ര ചെയ്യുന്ന ബസിൽ കയറിയ സനിൽ വാക്കുതർക്കത്തിന് ശേഷം ബാഗിൽ കരുതിയ കത്തി ഉപയോഗിച്ച് സീതയെ കുത്തുകയായിരുന്നു

മലപ്പുറം: വെന്നിയൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ വെച്ച് കുത്തേറ്റ യുവതി അപകടനില തരണം ചെയ്തു. ആക്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം സംഭവത്തിൽ പൊലീസ് മൊഴിയെടുക്കും. മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് യുവതിക്ക് കുത്തേറ്റത്.

Read More: 'ബസിൽ കയറിയത് കത്തിയുമായി, കുത്തണമെന്ന് ഉറപ്പിച്ചു'; മലപ്പുറത്ത് യുവതിയെ ആക്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

മലപ്പുറം വെന്നിയൂരിൽ വെച്ച് ഓടുന്ന ബസിലാണ് യുവതിക്ക് കുത്തേറ്റത്. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ ഗൂഡല്ലൂർ സ്വദേശി സീതക്കാണ് കുത്തേറ്റത്. എടപ്പാളിൽ നിന്ന് ബസിൽ കയറിയ വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് യുവതിയെ കുത്തിയത്. യുവതി ആലുവയിലും യുവാവ് കോട്ടയത്തുമാണ് ജോലി ചെയ്യുന്നത്. യുവതിയുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തി പ്രതി പിന്നീട് സ്വയം കഴുത്തറുക്കുകയായിരുന്നു. ബസ് ഉടൻ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സീതയും സനിലും സുഹൃത്തുക്കളാണ്. കോയമ്പത്തൂരില്‍ ഇവർ മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ സനിൽ സീതയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. സീത മറ്റൊരാളുമായി സംസാരിക്കുന്നുവെന്ന് പറഞ്ഞ് സനിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് സീതയുടെ മൊഴി.

Read More: ​​​​​​​'എനിക്ക് ഒരു കുട്ടി ഉണ്ട്, ഭർത്താവ് മരിച്ചതിനാൽ വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു'; ബസിൽ കുത്തേറ്റ യുവതി

കഴിഞ്ഞ ദിവസം യാത്ര പുറപ്പെടും മുൻപ് ആലുവയിൽ ഇരുവരും കണ്ടിരുന്നു. സനിൽ കാണാതെയാണ് സീത യാത്ര പുറപ്പെട്ടത്. എന്നാൽ എടപ്പാളിൽ നിന്ന് സീത യാത്ര ചെയ്യുന്ന ബസിൽ കയറിയ സനിൽ വാക്കുതർക്കത്തിന് ശേഷം ബാഗിൽ കരുതിയ കത്തി ഉപയോഗിച്ച് സീതയെ കുത്തുകയായിരുന്നു. പിന്നീട് ബസിനകത്ത് പുറകിലേക്ക് പോയ സനിൽ സ്വയം കഴുത്തറുത്തു. സനിലിനെതിരെ തിരൂരങ്ങാടി പൊലീസ് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്.