ഭാരതാംബ വിവാദത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ തിരിച്ചെടുക്കാൻ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് പ്രമേയം പാസ്സാക്കി. എന്നാൽ, വൈസ് ചാൻസലർ ഇതിനോട് വിയോജിക്കുകയും വിഷയം ഗവർണറുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസ്സാക്കി. സിൻഡിക്കേറ്റിലെ 22ൽ 19 അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. ബിജെപിയുടെ രണ്ട് അംഗങ്ങൾ വിയോജിച്ചു. വിയോജിപ്പ് രേഖപ്പെടുത്തിയ വിസി ഡോ മോഹനൻ കുന്നുമ്മേൽ സിൻഡിക്കേറ്റ് നടപടികളും തീരുമാനങ്ങളും ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു.
അനിൽ കുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കണമെന്ന് സിപിഎം അംഗങ്ങൾ കടുത്ത നിലപാടെടുത്തു. വിസി ഇതിന് തയ്യാറാവാതിരുന്നതോടെ യോഗത്തിൽ വാഗ്വാദമുണ്ടായി. തർക്കത്തിനൊടുവിൽയോഗം നിർത്തിവച്ചു.
അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സിൻഡിക്കേറ്റ് യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരണം എന്ന ആവശ്യവുമായി ഇടത് അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ഭാരതാംബ ചടങ്ങിൽ തുടങ്ങിയതാണ് വിവാദം. രജിസ്ട്രാരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിസി മോഹൻ കുന്നുമ്മലാണ് ഡോ.കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണ്, പിന്നെങ്ങനെ വിസിക്ക് സസ്പെൻഡ് ചെയ്യാൻ കഴിയും എന്ന ചോദ്യവുമായാണ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജോയിന്റ് രജിസ്ട്രാര്‍ക്ക്, രജിസ്ട്രാറുടെ ചുമതല കൂടി കൈമാറിയ വിസിയുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ അനിൽകുമാർ ചൂണ്ടിക്കാട്ടി.
ഹർജി തള്ളിയ കോടതി സസ്പെൻഡ് ചെയ്യാനുള്ള വിസി യുടെ അധികാരത്തെ ശരിവെച്ചു. എന്നാൽ സസ്പെൻഷൻ നിലനിൽക്കുമോ എന്നതിൽ സിൻഡിക്കേറ്റിന് യോഗം ചേർന്ന് തീരുമാനമെടുക്കാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഉത്തരവ് തിരിച്ചടിയല്ലെന്നും സിൻഡിക്കേറ്റിന്റെ അധികാരത്തെ കോടതി ശരിവെയ്ക്കുകയാണ് ചെയ്തതെന്നുമായിരുന്നു ഇടത് അംഗങ്ങളുടെ വിശദീകരണം. എന്നാൽ ഇന്നത്തെ പ്രമേയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയ വിസി ഡോ മോഹനൻ കുന്നുമ്മേൽ സിൻഡിക്കേറ്റ് നടപടികളും തീരുമാനങ്ങളും ഗവർണറുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
