Asianet News MalayalamAsianet News Malayalam

വ്യാജരേഖാ വിവാദം: അടിയന്തര യോഗം വിളിച്ച് അങ്കമാലി രൂപത വൈദിക സമിതി

പരാതിക്കാരനായ ഫാദർ ജോബി മാപ്രകാവിലിനെ പുറത്താക്കണം എന്നും അദ്ദേഹത്തിന്‍റെ നടപടി ദുരൂഹമാണെന്നും വൈദികർ അറിയിച്ചു.

syro malabar annkamaly diocese called urgent meeting
Author
Angamaly, First Published Mar 21, 2019, 1:37 PM IST

കൊച്ചി: സിറോ മലബാർ സഭയെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖാ വിവാദത്തിൽ എറണാകുളം അങ്കമാലി രൂപത വൈദിക സമിതി യോഗം വിളിച്ചു. വൈകിട്ട് നാല് മണിക്കാണ് അടിയന്തര യോഗം. ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാടും പ്രതിയായതിൽ ഗൂഢാലോചനയുണ്ടെന്ന് വൈദികർ പറഞ്ഞു.  പരാതിക്കാരനായ ഫാദർ ജോബി മാപ്രകാവിലിനെ പുറത്താക്കണമെന്നും അദ്ദേഹത്തിന്‍റെ നടപടി ദുരൂഹമാണെന്നും വൈദികർ അറിയിച്ചു. മെത്രാനെതിരെ പരാതി നൽകിയത് കാനോനിക നിയമത്തിന്‍റെ ലംഘനമാണെന്നും വൈദികർ പറഞ്ഞു.

വ്യാജരേഖക്കേസ് ഒത്തുതീർക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടെന്ന് സഭാ സിനഡ് വ്യക്തമാക്കിയിരുന്നു. ചർച്ച ചെയ്യാൻ കാക്കനാട് സഭാ ആസ്ഥാനത്ത് ചേർന്ന അടിയന്തര സിനഡിലായിരുന്നു തീരുമാനം. ഭൂമി വിവാദത്തിന് പിന്നാലെ സിറോ മലബാർ സഭയെ ഉലച്ച വ്യാജ രേഖാ വിവാദം ചർച്ച ചെയ്യാനാണ് അടിയന്തരമായി സിനഡ് വിളിച്ചു ചേർത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും സിനഡിൽ പങ്കെടുത്തിരുന്നു. 

കേസ് പിൻവലിച്ച് ഒത്തുതീർപ്പിന് സാധ്യതയുണ്ടോ എന്ന കാര്യം ആദ്യം സിനഡ് പരിഗണിച്ചിരുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഇത്തരമൊരു ചർച്ച വന്നത്. എന്നാൽ ഒത്തു തീർപ്പോ കേസ് പിൻവലിക്കലോ വേണ്ടെന്നും വ്യാജരേഖ എവിടെ നിന്ന് വന്നു എന്ന കാര്യം കണ്ടെത്തണമെന്നും സിനഡിൽ അഭിപ്രായമുയർന്നു. തുടർന്നാണ് കേസിൽ ഒരു ഒത്തുതീർപ്പും വേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും തീരുമാനമായത്.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും സത്യദീപം എഡിറ്റർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും പോലീസ് കേസെടുത്തിരുന്നു. പരാതിക്കാരനായ വൈദികൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ നടപടി. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്‍റെ എഡിറ്റർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. തൊട്ടു പിന്നാലെയാണ്   പരാതിക്കാരനായ വൈദികന്‍റെ  മൊഴിയുടെ അടിസ്ഥാനത്തിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയത്.  

ഫാദർ പോൾ തേലക്കാട് നിർമ്മിച്ച വ്യജ ബാങ്ക് രേഖ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വഴി സിനഡിന് മുന്നിൽ ഹാജരാക്കിയെന്നായിരുന്നു വൈദികന്‍റെ  മൊഴി. കർദ്ദിനാൾ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു നടപടിയെന്നാണ് മൊഴിയിലുള്ളത്.

സിറോ മലബാർ സഭ ഐടി മിഷൻ ഡയറക്ടറായ ഫാദർ ജോബി മാപ്രക്കാവിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാദർ പോൾ തേലക്കാട് ഒന്നാം പ്രതിയും അപ്പോസ്തലിക്  അഡ്മിനിസ്ട്രേറ്റർ രണ്ടാം പ്രതിയുമായത്. ബിഷപ്പിനെതിരെ വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

പരാതിക്കാരന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികനൊപ്പം പ്രാഥമികമായി പ്രതി ചേർത്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ബിഷപ്പ് സിനഡിന് സമർപ്പിച്ചത് വ്യാജരേഖയാണോ ബിഷപ്പിനും വൈദികനും ഇക്കാര്യത്തിൽ അറിവുണ്ടോ എന്നതെല്ലാം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളൂ. അതേസമയം, കർദ്ദിനാളിനെതിരായ വ്യാജ രേഖാ കേസിൽ തന്നെക്കൂടി പ്രതി ചേർത്തതിൽ കടുത്ത എതി‍ര്‍പ്പിലാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്. 

Follow Us:
Download App:
  • android
  • ios