Asianet News MalayalamAsianet News Malayalam

ഭരണമാറ്റം വത്തിക്കാനും മാർപ്പാപ്പയും അറിഞ്ഞു തന്നെ: ബിഷപ്പ് മനത്തോടത്തിനെ തിരുത്തി സിറോ മലബാർ സഭ

സിറോ മലബാർ സഭാ ഭൂമി ഇടപാടിൽ ആർക്കും വത്തിക്കാൻ ക്ലീന്‍ചിറ്റ് നൽകിയിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത് പറഞ്ഞിരുന്നു. മാർപാപ്പ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും മുൻ അപ്പോസ്തലിക് അഡ്മിനിട്രേറ്ററായിരുന്ന ജേക്കബ് മനത്തോടത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.  

syro malabar church issues clarification on the statement of mar jacob manathodath
Author
Kochi, First Published Jul 1, 2019, 10:19 PM IST

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത സ്ഥാനത്ത് മാറ്റിയിട്ടില്ലെന്ന് സിറോ മലബാർ സഭ. ഇത്തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. സിറോ മലബാർ സഭാ ഭൂമി ഇടപാടിൽ ആർക്കും വത്തിക്കാൻ ക്ലീന്‍ചിറ്റ് നൽകിയിട്ടില്ലെന്ന് പറഞ്ഞ മുൻ അപ്പോസ്തലിക് അഡ്‍മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ സഭ തിരുത്തുന്നു. മാർ ജോർജ് ആലഞ്ചേരിയെ തിരികെ ഭരണച്ചുമതല ഏൽപ്പിച്ചത് വത്തിക്കാനും മാർപ്പാപ്പയും അറിഞ്ഞു കൊണ്ടു തന്നെയാണെന്നും സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

സിറോ മലബാർ സഭാ ഭൂമി ഇടപാടിൽ ആർക്കും വത്തിക്കാൻ ക്ലീന്‍ചിറ്റ് നൽകിയിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത് നേരത്തേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. മാർപാപ്പ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ജേക്കബ് മനത്തോടത്ത് വ്യക്തമാക്കി. മാർ ജോർജ് ആലഞ്ചേരിക്ക് പകരം സിറോ മലബാർ സഭയുടെ ഭരണകാര്യങ്ങൾ നിർവഹിക്കാൻ മാർപ്പാപ്പ ചുമതലപ്പെടുത്തിയ മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായിരുന്നു ബിഷപ്പ് ജേക്കബ് മനത്തോടത്ത്. 

കർദിനാൾ ആലഞ്ചേരി അർധരാത്രി ചുമതലയേറ്റിട്ടില്ല

വത്തിക്കാന്‍റെ തീരുമാനം വന്നയുടൻ രാത്രി എത്തി സഭയുടെ ചുമതല തിരികെ ഏറ്റെടുത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നടപടി പരിഹാസ്യമാണെന്ന് വിമത വൈദികർ ആരോപിച്ചിരുന്നു. എന്നാൽ അർധരാത്രി കർദിനാൾ ചുമതലയേറ്റെടുത്തിട്ടില്ലെന്നാണ് സിറോ മലബാർ സഭയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്. മാർപ്പാപ്പയുടെ തീരുമാനങ്ങൾ നേരത്തേ അറിയാമായിരുന്ന കർദിനാൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയ ശേഷം ജൂൺ 26-ന് രാത്രി എട്ട് മണിയോടെ സഭാ ആസ്ഥാനത്തെത്തുകയും, അവിടെ വിശ്രമിക്കുകയും, പിറ്റേന്ന് ബന്ധപ്പെട്ടവരുമായി ഭരണകാര്യങ്ങൾ സംസാരിക്കുകയും ചെയ്തുവെന്നും വാർത്താക്കുറിപ്പിലൂടെ സഭ പറയുന്നു.  

എറണാകുളം - അങ്കമാലി അതിരൂപത ഭരണ ചുമതലയിലേക്ക് കർദ്ദിനാൾ ആല‌‌ഞ്ചേരിയെ തിരിച്ചുകൊണ്ടുവന്ന വത്തിക്കാന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ വൈദികർ അഗ്നിശുദ്ധി വരുത്താതെ അദ്ദേഹം ചുമതല ഏറ്റെടുക്കരുതായിരുന്നുവെന്ന് പറഞ്ഞിരുന്നു. വത്തിക്കാന്‍റേത് പ്രതികാര നടപടിയാണെന്നും, ഭൂമി ഇടപാടിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോ‍ർട്ടും അതിൽ വത്തിക്കാൻ സ്വീകരിച്ച നടപടികളും അൽമായരെയും വൈദികരെയും ബോധ്യപ്പെടുത്തണമെന്നും വിമത വൈദികർ ആവശ്യപ്പെട്ടിരുന്നു. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭൂമി ഇടപാട് ആരോപണത്തെ തുടർന്ന് ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പൂർണ ഭരണ ചുമതലയിലേക്ക് വത്തിക്കാൻ തിരിച്ചുകൊണ്ടുവന്നിരുന്നു. സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ എന്നിവരെ തൽസ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. സഭയെ പിടിച്ചുലച്ച വിവാദ ഭൂമി ഇടപാട് അന്വേഷിക്കാൻ മാർപ്പാപ്പ  നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടും പരിഗണിച്ചായിരുന്നു വത്തിക്കാന്‍റെ നിർണായക നീക്കം.

Follow Us:
Download App:
  • android
  • ios