കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാവാദത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി ടിഎൻ പ്രതാപൻ എംപി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് രാജ്യം ഇനിയും വിഭജിക്കാനുള്ള ഫാഷിസ്റ്റ് നീക്കമാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയത്.

അമിത് ഷായുടെ ഹിന്ദി ഭാഷാവാദത്തിനെതിരെയുള്ള പ്രതിഷേധം കേരളത്തിൽ ശക്തമാകുകയാണ്. ഒറ്റ ഭാഷാ നിർദ്ദേശം സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഷായുടെ വാദം ശുദ്ധ ഭോഷ്ക്കാണെന്നും പെറ്റമ്മയെപോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയ വികാരത്തിന് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് നടക്കുന്നതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. 

ഭാഷയുടെ പേരിൽ രാജ്യത്തെ വിഭജിക്കാനുളള സംഘപരിവാറിന്റെ രഹസ്യ അജണ്ടയാണ് നടക്കുന്നതെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. ഷായുടെ നിർദ്ദേശത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സ്വാഗതം ചെയ്തിരുന്നു. അതേസമയം, അമിത്ഷായുടെ പരാമർശം വളച്ചൊടിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നാണ് ബിജെപിയുടെ വിശദീകരണം. ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്ക്കെതിരെ സംസാരിക്കുന്നത് ശരിയല്ല. ഹിന്ദി അടിച്ചേൽപിക്കുന്നു എന്ന വാദം തെറ്റാണെന്നായിരുന്നു  ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്.