തിരുവനന്തപുരം: കൊച്ചിയിലെ മുത്തൂറ്റ് ഫൈനാന്‍സിലെ സമരത്തിലിടപെട്ട് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. സർക്കാർ ഇരുപക്ഷത്തും ചേരുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം എന്ന് പറഞ്ഞു. നൽകിയ ഉറപ്പുകൾ മാനേജ്മെന്‍റ് പാലിച്ചില്ല എന്നാണ് തൊഴിലാളികളുടെ പരാതിയെന്നും പ്രശ്നം പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്ഥാപനവും അടച്ചുപൂട്ടാൻ പാടില്ലെന്നും നാളെ മൂന്ന് മണിക്ക് സമരം തീര്‍ക്കുവാന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സിഐടിയു പ്രവര്‍ത്തകര്‍  തടഞ്ഞതോടെയാണ് മുത്തൂറ്റ് ഫൈനാന്‍സില്‍ സംഘര്‍ഷം ഉണ്ടായത്. ഉച്ചയോടെ മൂത്തൂറ്റ് എം ഡി ജോര്‍ജ് അലക്സാണ്ടര്‍  , തൊഴിലാളി സമരത്തില്‍ പ്രതിഷേധിച്ച് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ്   സമരം തുടങ്ങിയതോടെ സംഘര്‍ഷം രൂക്ഷമായി. ശമ്പള വര്‍ദ്ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു വിഭാഗം തൊഴിലാളികള്‍  സിഐടിയു വിന്‍റെ നേതൃത്വത്തില്‍ സമരം നടത്തുകയാണ്.

രാവിലെ ബാനര്‍ജി റോഡിലെ മുത്തൂറ്റ് ഹെഡ് ഓഫീസില്‍  ജോലിക്കെത്തിയവരെ സമരാനൂലികള്‍ തടയുകയായിരുന്നു. പരസ്‍പരം പോര്‍ വിളികളുമായി ഓഫീസിന് മുന്നില്‍ ഇരുവിഭാഗവും നിലയുറപ്പിച്ചതോടെ  പൊലീസ് രംഗത്തെത്തി. പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ തയ്യാറായില്ല. ഇതിനിടെ തൊഴിലാളി സമരത്തില്‍ പ്രതിഷേധിച്ച് മൂത്തൂറ്റ് എം ഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ഓഫീസിന് മുന്നില്‍ സമരം ചെയ്യാത്ത തൊഴിലാളികള്‍ക്കൊപ്പം കുത്തിയിരിപ്പ് സമരം തുടങ്ങി. 

ഇതോടെ സംഘര്‍ഷം രൂക്ഷമായി. ലേബര്‍ കമീഷണറുടെ സാന്നധ്യത്തിലെടുത്ത തീരുമാനങ്ങള്‍ പോലും നടപ്പാക്കാന്‍ മാനേജ്മെന്‍റ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കേണ്ടി വന്നതെന്ന് തെഴിലാളികള്‍ പറുയന്നു. വൈകിട്ട് നാലുമണിക്ക്  ഇന്നത്തെ സമരം അവസാനിപ്പിച്ച്  തൊഴിലാളികല്‍ പിരിഞ്ഞതോടെ മറ്റ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ കയറി.