അസുഖ ബാധിതനായിരിക്കെ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് അതിജീവിതയ്ക്കൊപ്പം നിന്ന ഞങ്ങളുടെ പി ടിയാണ് ഞങ്ങളുടെ ഹീറോ. വ്യക്തിപരമായ അഭിപ്രായങ്ങൾ കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല- ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിനെ അനുകൂലിച്ച യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് കേസില്‍ സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ടി സിദ്ദിഖിന്‍റെ പ്രതികരണം. നീതിക്കൊപ്പം മാത്രം നിന്ന പി ടിയാണ് ഞങ്ങൾ കോൺഗ്രസുകാരുടെ വഴികാട്ടിയെന്ന് കല്‍പ്പറ്റ എംഎൽഎ ടി സിദ്ദിഖ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രാവിലെ പ്രതികരിച്ചത്.
എന്നാൽ നീതിക്കൊപ്പം മാത്രം നിന്ന പിടിയാണ് ഞങ്ങൾ കോൺഗ്രസുകാരുടെ വഴികാട്ടി. അസുഖ ബാധിതനായിരിക്കെ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് അതിജീവിതയ്ക്കൊപ്പം നിന്ന ഞങ്ങളുടെ പി ടിയാണ് ഞങ്ങളുടെ ഹീറോ. വ്യക്തിപരമായ അഭിപ്രായങ്ങൾ കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല- ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നും സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചുവെന്നും പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ അടൂർ പ്രകാശ് പറഞ്ഞിരുന്നു. അടൂർ പ്രകാശിനെതിരെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനമുയർന്നിരുന്നു.
ഇതിന് പിന്നാലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ അടൂർ പ്രകാശ് മലക്കം മറിഞ്ഞു. താൻ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്നും വിമര്‍ശിച്ചു. തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. വിധി വരുമ്പോൾ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് വിവരം. അനാവശ്യ വിവാദം വേണ്ടെന്നായിരുന്നു നിര്‍ദേശം. കെപിസിസി പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അടൂര്‍ പ്രകാശിന്‍റെ വിശദീകരണം.


