ബഫർ സോണുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി നൽകാനുള്ള സമയം ജനുവരി ഏഴ് 7 ആക്കിയെങ്കിലും ഈ സമയത്തിനുള്ളിൽ പരാതി സ്വീകരിച്ച് തുടർനടപടി എടുക്കാൻ സർക്കാരിന് കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു

തിരുവനന്തപുരം: ബഫർ സോൺ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ്. സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കൽപ്പറ്റ എംഎൽഎ കുറ്റപ്പെടുത്തി. ജനത്തെ കൂടെ നിർത്തുന്നതിൽ സർക്കാരിന് തെറ്റ് പറ്റി. വനം വകുപ്പിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

YouTube video player

ബഫർ സോണുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി നൽകാനുള്ള സമയം ജനുവരി ഏഴ് 7 ആക്കിയെങ്കിലും ഈ സമയത്തിനുള്ളിൽ പരാതി സ്വീകരിച്ച് തുടർനടപടി എടുക്കാൻ സർക്കാരിന് കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു. പരാതി ക്രമീകരിക്കാൻ ഈ സമയം പോര. ഓഗസ്റ്റ് ഒൻപതിന് എൻവയോൺമെന്റ് റിപ്പോർട്ട് കിട്ടിയിട്ടും വനം വകുപ്പ് ഇത് പൂഴ്ത്തി . ഇതിൽ നിക്ഷിപ്ത താൽപര്യം ഉണ്ടെന്നും ടി സിദ്ധിഖ് പറഞ്ഞു.

ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് റദ്ദ് ചെയ്യാത്തതും മൂന്ന് മാസം ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്ത് വിടാതിരുന്നതും ദുരുദ്ദേശത്തോടെയാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ മലബാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി പോലും വനം വകുപ്പിന് അറിയില്ല. പുതിയ പരാതികളും സ്വീകരിക്കാൻ നടപടി ഉണ്ടാകണം. ഓരോ പഞ്ചായത്തിലും പരാതി പരിഹാര കമ്മിറ്റി ഉണ്ടാക്കണം. മാപ്പിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പരാതിക്കാരെ അറിയിക്കണം. വനം മന്ത്രി ഈ റിപ്പോർട്ട് കണ്ടത് എന്നാണെന്ന് വ്യക്തമാക്കണമെന്നും ഗ്രൗണ്ട് സർവേ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.