മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം, മുഖ്യമന്ത്രിക്ക് പുറമേ മുതിർന്ന നേതാക്കളും വിട നൽകാനെത്തി
മലപ്പുറം: അന്തരിച്ച മുൻ മന്ത്രി ടി.ശിവദാസ മേനോന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോട് മഞ്ചേരിയിൽ നടന്നു. മകളുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു. അര മണിക്കൂറോളം അദ്ദേഹം അവിടെ ചെലവിട്ടു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ എം.വി.ഗോവിന്ദൻ, പി.രാജീവ്, കെ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, പാലക്കാട്ടെയും മലപ്പുറത്തേയും മുതിർന്ന സിപിഎം നേതാക്കൾ എന്നിവർ ശിവദാസ മേനോന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. അണികളെ അച്ചടക്കം പഠിപ്പിച്ച പ്രിയ മാഷിനെ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ യാത്രയാക്കി. ഇന്നലെയാണ് ടി.ശിവദാസ മേനോൻ വിട വാങ്ങിയത്. ന്യൂമോണിയ ബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിട വാങ്ങിയത് അണികളെ അച്ചടക്കം പഠിപ്പിച്ച മാഷ്
പാർലമെന്ററി രാഷ്ട്രീയത്തിലും പാർട്ടിയിലും ഒരുപോലെ തിളങ്ങി നിന്നാണ് ശിവദാസ മേനോൻ തൊണ്ണൂറാം വയസ്സിൽ വിട വാങ്ങിയത്. പാലക്കാട് ജനിച്ച്, അധ്യാപക സംഘടനയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം മൂന്നുതവണ എംഎൽഎ ആയിരുന്നു. രണ്ടുതവണ മന്ത്രിയുമായി. രണ്ടാം നായനാർ സർക്കാരിൽ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തു. മൂന്നാം നായനാർ മന്ത്രിസഭയിൽ ധന വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ചുമതല വഹിച്ചു. ചീഫ് വിപ്പ്, പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം പിന്നീട് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും മാറി. എകെജി സെന്ററിന്റെ ചുമതല കൈകാര്യം ചെയ്തിരുന്ന ശിവദാസ മേനോൻ, പാർട്ടി അണികളുടെ പ്രിയപ്പെട്ട മാഷായിരുന്നു. വിഎസ്-പിണറായി വിഭാഗീയതാ കാലത്ത് പിണറായിക്കൊപ്പം അടിയുറച്ച് നിന്ന അദ്ദേഹം വിഎസിനെ ശക്തമായി വിമർശിക്കാൻ മടി കാണിക്കാതിരുന്ന നേതാവായിരുന്നു.
