Asianet News MalayalamAsianet News Malayalam

ചർച്ച പരാജയം; നാളെ പതിനാല് ജില്ലകളിലും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി

സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി. സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. 

talks fail as merchants decide to open shops all over Kerala tomorrow violating covid guidelines
Author
Kozhikode, First Published Jul 14, 2021, 1:33 PM IST

കോഴിക്കോട്: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നാണ് വെല്ലുവിളി. തടയാൻ പൊലീസ് ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്ന നിലപാടിലാണ് വ്യാപാരികൾ. 

സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി. സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. 

സിപിഎമ്മിന്‍റെ മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻ്റുമായ വികെസി മമ്മദ് കോയയാണ് കട തുറക്കുന്ന പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിത്. സംഘടന കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ കടകള്‍ തുറക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത് .കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട വികെസി മമ്മദ് കോയ വിദഗ്ദ സമിതിയുടെ തീരുമാനത്തില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് കുറ്റപ്പെടുത്തി. എല്ലാ ദിവസവും കടകള്‍ തുറക്കുന്ന രീതിയില്‍ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു തിരുവന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. ഏകോപന സമിതിയുടെ വെല്ലുവിളി സമരം രാഷ്ട്രീയ പ്രേരിതമെന്നും ബിജു ആരോപിച്ചു. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. ധര്‍മ്മ സമരമെന്നാണ് അവര്‍ പ്രതിഷേധത്തെ വിശേഷിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios