Asianet News MalayalamAsianet News Malayalam

കൊല്ലത്തെ സിപിഐ നേതാവിന്റെ റേഷൻകടയിലെ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയ്ക്ക് വയനാട്ടിലേക്ക് സ്ഥലം മാറ്റം

കേരള റേഷൻ എംപ്ളോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻകുമാറിന്റെ റേഷൻ കടയിൽ ഭക്ഷ്യസാധനങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥയെയാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

taluk supply officer who finds irregularity in cpi leaders ration shop in kollam etj
Author
First Published Mar 24, 2023, 6:33 AM IST

പോരുവഴി: കൊല്ലം പോരുവഴിയിൽ സിപിഐ സംഘടനാ നേതാവിന്റെ റേഷൻകടയിലെ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫിസർ സുജ ഡാനിയലിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥക്കെതിരെ മന്ത്രി ജി.ആര്‍ അനിൽ ഇടപെട്ട് പ്രതികാര നടപടി സ്വീകരിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.

കേരള റേഷൻ എംപ്ളോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻകുമാറിന്റെ റേഷൻ കടയിൽ ഭക്ഷ്യസാധനങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥയെയാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. സംസ്ഥാനമൊട്ടാകെയുള്ള ഉദ്യോഗസ്ഥ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉൾപ്പെടുത്തിയുളള പട്ടികയിലാണ് സുജ ഡാനിയേലും ഉൾപ്പെട്ടത്. സുജ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരുന്നില്ല. 

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഐ സംഘടനാ നേതാവിന്റെ റേഷൻ കടയുടെ ലൈസൻസ് ഉദ്യോഗസ്ഥ റദ്ദാക്കി. ഇതിന് പിന്നാലെ മന്ത്രി ജി.ആര്‍ അനിൽ സുജയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. വി.ജെ ശ്രീജിത്താണ് കുന്നത്തൂരിലെ പുതിയ താലൂക്ക് സപ്ലൈ ഓഫീസ‍ർ. പോരുവഴി നാലാംവാർഡിലെ 21 -ആം നന്പർ റേഷൻ കടയ്ക്കെതിരെ ഭക്ഷ്യകമ്മിഷന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇക്കഴിഞ്ഞ 13ന് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. 

മൊത്തം 21 കിന്റൽ ഭക്ഷ്യസാധനങ്ങളുടെ കുറവാണ് അന്ന് കണ്ടെത്തിയിരുന്നത്. പരിശോധന നടന്ന് പത്ത് ദിവസമാകും മുന്പാണ് വനിത ഉദ്യോഗസ്ഥയെ സ്ഥലം മാറ്റം. ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് മന്ത്രിയുടെ ഇടപെടൽ മൂലം ഉണ്ടായതെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരുടെ വിമര്‍ശനം. അതേസമയം പൊതുവായ സ്ഥലംമാറ്റ ഉത്തരവാണെന്നും പ്രതികാര നടപടി അല്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.

Follow Us:
Download App:
  • android
  • ios