Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യേണമേ...; തേക്കടിയിൽ സർവമത പ്രാർഥന നടത്തി തമിഴ്നാട്ടിലെ കർഷകർ

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആചാര പ്രകാരമുള്ള പ്രാർത്ഥകളാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻറെ തേക്കടിയിലുള്ള ഐബിയിലും മുറ്റത്തെ ക്ഷേത്രത്തിലുമായി നടത്തിയത്.

Tamil Farmers conducting prayer meet for rain in Mullaperiyar dam premises prm
Author
First Published Jun 24, 2023, 12:25 AM IST

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകാൻ തമിഴ്നാട്ടിലെ കർഷകർ തേക്കടിയിലെത്തി സർവമത പ്രാർത്ഥന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാൽ തേനിയിലെ നെൽക്കൃഷിക്ക് വെള്ള കിട്ടാതാകുമോയെന്ന ആശങ്കയിലാണ് കർഷകർ. 116.15 അടി വെള്ളം മാത്രമാണ് മുല്ലപ്പരിയാർ അണക്കെട്ടിലിപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 130 അടിക്കു മുകളിലായിരുന്നു മുകളിലായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇത്തവണ പതിനാലടി കുറവാണ്.

മഴയെത്തുമെന്ന പ്രതീക്ഷയിൽ ജൂൺ ഒന്നിനു തന്നെ മുല്ലപ്പെരിയാറിൽ നിന്നും കൃഷിക്കായി വെള്ളമെടുത്തു തുടങ്ങി. എന്നാൽ കാലവർഷം ചതിച്ചതോടെ തമിഴ്നാട്ടിലെ കർഷകരും ആശങ്കയിലായി. ഇതേത്തുടർന്നാണ് കർഷകർ തേക്കടിയിലെത്തി പ്രാർത്ഥന നടത്തിയത്.

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആചാര പ്രകാരമുള്ള പ്രാർത്ഥകളാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻറെ തേക്കടിയിലുള്ള ഐബിയിലും മുറ്റത്തെ ക്ഷേത്രത്തിലുമായി നടത്തിയത്. മുല്ലപ്പെരിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന ഷട്ടറിനു സമീപത്തും പ്രാർത്ഥന നടത്തി. തേനിയിലെ കമ്പംവാലിയിലുള്ള 14,700 ഏക്കർ സ്ഥലത്ത് കൃഷിചെയ്യുന്ന നൂറോളം കർഷകരാണ് ഇതിനായി എത്തിയത്. 2018 നു ശേഷം ആദ്യമായാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ജൂൺ മാസത്തിൽ ഇത്രയും കുറയുന്നത്. സെക്കൻറിൽ 350 ഘനയടിയോളം വെള്ളം മാത്രമാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടു പോകുന്നത്. 50 ഘനയടിയാണ് ഒഴുകിയെത്തുന്നത്.

കഴിഞ്ഞ വർഷം ഇതേസമയം സെക്കൻറിൽ 700 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോയിരുന്നു. ജലനിരപ്പ് 112 അടിയിലെത്തിയാൽ കൃഷിക്ക് വെള്ളം നൽകുന്നത് പൊതുമരാമത്ത് വകുപ്പ് നിർത്തും. ഇത് നിലവിൽ നട്ട ‍ഞാറുകൾക്ക് ഭീഷണിയാകും.

Follow Us:
Download App:
  • android
  • ios