ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ വാഹാനാപകടത്തില്‍പ്പെട്ട മലയാളി വിദ്യാര്‍ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കും. ഇതിനായി ബസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും തമിഴ്നാട്ടിലെ കരൂര്‍ ജില്ലാ അധികൃതരുമായും വിദ്യാര്‍ഥികളുമായും ബന്ധപ്പെട്ടിരുന്നു. അപകടത്തില്‍ വിദ്യാര്‍ഥികളില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് കരൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. അതേ സമയം രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റതായും വിവരമുണ്ട്. 

മലയാളികൾ സഞ്ചരിച്ച ബസ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ഇന്ന് ഉച്ചയോടെയാണ് മലയാളികള്‍ സഞ്ചരിച്ച ബസ് തമിഴ്നാട്ടിലെ കരൂരില്‍ അപകടത്തില്‍പ്പെട്ടത്. ബംഗ്ലൂരുവിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഐടി ജീവനക്കാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ബംഗ്ലൂരുവില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോള്‍ ദേശീയപാതയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എല്ലാവരെയും കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് അതിര്‍ത്തി കടക്കാന്‍ പാസ് ലഭിച്ചവരാണ് അപകടത്തില്‍പ്പെട്ടവര്‍.