കണ്ണൂര്‍: കണ്ണൂരില്‍ തമിഴ്‍നാട് സ്വദേശി പനിയും ഛര്‍ദ്ദിയും വന്ന് മരിച്ചു. താഴെ തെരുവിലെ തങ്ക മുരുകപ്പൻ (65) എന്നയാളാണ്  മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്കാരം സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം തൃശ്ശൂർ ജില്ലയിൽ ഒരാൾ കൂടി കൊവിഡ‍് ബാധിച്ച് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരന്‍ കുമാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു ഇയാൾ. ഈ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനാണ് രോഗി മരിച്ചത്.