അടിയന്തര ആവശ്യങ്ങളുമായി വരുന്നവരെ മാത്രം തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായാണ് സൂചന.

കൊല്ലം: കേരള - തമിഴ്‌നാട് അതിർത്തിയായ ആര്യങ്കാവിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവരെ കര്‍ശന പരിശോധന നടത്തിയ ശേഷം മാത്രമാണ് കടത്തി വിടുന്നത്. 

അടിയന്തര ആവശ്യങ്ങളുമായി വരുന്നവരെ മാത്രം തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായാണ് സൂചന. ഇന്ന് രാവിലെ 11 മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെങ്കാശി ജില്ലാ കളക്ടര്‍ അരുണ്‍ ശങ്കര്‍ ദയാലന്‍ നേരിട്ട് ചെക്ക് പോസ്റ്റിലെത്തിയാണ് പരിശോധന കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ടത്.

ക്ഷേത്രദര്‍ശനത്തിനും വിനോദസഞ്ചാരത്തിനും ബന്ധുക്കളെ കാണാനും മറ്റുമായി ആര്യങ്കാവ് വഴി പോകുന്നവരെ അധികൃതര്‍ ചെക്ക് പോസ്റ്റില്‍ നിന്നും തിരിച്ചയക്കുകയാണ്. അതേസമയം പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്ക് പോകുന്നവരെ അധികൃതര്‍ കടത്തി വിടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ക്കും ചരക്കുവണ്ടികള്‍ക്കും നിയന്ത്രണം ബാധകമല്ല. 

അതേസമയം മലയാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മെഡിക്കൽ പരിശോധന കര്‍ശനമാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്നാട് വിശദീകരിക്കുന്നു. ആര്യങ്കാവ് അതിര്‍ത്തിയിലെ നിയന്ത്രണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.