Asianet News MalayalamAsianet News Malayalam

അനിശ്ചിതത്വം നീങ്ങി; അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു

തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്.

Tamilnadu forest department released wild elephant arikomban nbu
Author
First Published Jun 6, 2023, 10:19 AM IST

കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ടു. 

തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ട്. ആന മണിക്കൂറായി അനിമൽ ആംബുലൻസിലായിരുന്നു. ഉള്‍ക്കാടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.

അതേസമയം, അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് പരിഗണിയ്ക്കുക. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയിൽ ആനയെ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി നിർദേശിച്ചിരുന്നു. മയക്കം വിട്ടുണരുന്ന കാട്ടാനയെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെയാണ് ഹൈക്കോടതി ഇന്നലെ നിർദേശം മാറ്റിയത്.  

Also Read: 'നിയമം മനുഷ്യന് വേണ്ടി മാത്രം'; അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമെന്ന് ജ. ദേവന്‍ രാമചന്ദ്രന്‍

അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്നാടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios