തൃശൂര്‍: തമിഴ്നാട് ഷോളയാർ ഡാം പൂർണ സംഭരണ നിലയിൽ ആയതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ തുറന്ന് 3000 ക്യുസെക്സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാൻ തുടങ്ങി. വെള്ളിയാഴ്ച രാത്രി 8.15നാണ് ഷട്ടറുകൾ തുറന്നത്. പെരിങ്ങൽക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാർ ഡാമിൽ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോൾ ജലം സംഭരിച്ചിട്ടുള്ളത്.

2635 അടിയാണ് വെള്ളിയാഴ്ച രാവിലത്തെ ജലനിരപ്പ്. പൂർണ സംഭരണ നില 2663 അടിയാണ്. അതിനാൽ തമിഴ്നാട് ഷോളയാറിൽനിന്ന് എത്തുന്ന വെള്ളം സംഭരിക്കാൻ കേരള ഷോളയാറിന് കഴിയുമെന്നതിനാൽ പെരിങ്ങൽക്കുത്തിൽ ആശങ്കയില്ലെന്നാണ് നിരീക്ഷണം. 95 ശതമാനം വരെ കേരള ഷോളയാറിൽ ജലം സംഭരിച്ചുനിർത്താൻ കഴിയും.

അതിശക്ത മഴക്ക് സാധ്യത കണക്കിലെടുത്ത് പാലക്കാട് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജല നിരപ്പ് ഉയർന്നത് കണക്കിലെടുത്ത് വാളയാർ ഡാം നാളെ തുറക്കും.