മലപ്പുറം: ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) ടാങ്കറാണ് മറിഞ്ഞത്. വാതക ചോർച്ചയും ആളപകടവും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് വട്ടപ്പാറ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ഇത് രണ്ടാം തവണയാണ് വട്ടപ്പാറ വളവില്‍ ലോറി മറിയുന്നത്. കഴിഞ്ഞ വർഷം സ്പിരിറ്റ് ലോറി മറിഞ്ഞ് ഇവിടെ അപകടമുണ്ടായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്‌ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്നൊഴുകിയ സ്പിരിറ്റ് അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നിര്‍വീര്യമാക്കിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്.