ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി. തന്ത്രിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് ഗോവ മുൻ ഗവര്‍ണര്‍ പിഎസ് ശ്രീധരൻപിള്ള ആരോപിച്ചു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരായ കേസിൽ സര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി. തന്ത്രിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് ഗോവ മുൻ ഗവര്‍ണര്‍ പിഎസ് ശ്രീധരൻപിള്ളയും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് സന്ദീപ് വാചസ്പതിയും ആരോപിച്ചു.ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി രാജീവരുടെ അറസ്റ്റിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നായിരുന്നു തന്‍റെ നിലപാടെന്നും എന്നാൽ, തന്ത്രിയെ ജയിലിൽ അടയ്ക്കാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായതല്ലെന്നും പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് തന്നെയായിരുന്നു ബിജെപിയുടെയും നിലപാട്. പ്രഥമദൃഷ്യ കേസ് നിലനിൽക്കില്ലെന്ന് അറസ്റ്റ് ചെയ്തപ്പോഴേ അറിയമായിരുന്നു. തെളിവിന്‍റെ കണിക പോലുമില്ലെന്ന് എല്ലാ ഫയലും പരിശോധിച്ചശേഷം ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്. ഇത് നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കണം. 

തന്ത്രിയെ 41 ദിവസം ജയിലും ഇട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇതോടെ വ്യക്തമായി. ആത്മഹത്യയുടെ വക്കിൽ എത്തിയെന്ന് തന്ത്രി തന്നോട് പറഞ്ഞു. എന്തിന് ഇങ്ങനെ ക്രൂശിക്കണം? വിവാദങ്ങളിൽ അഭിരമിക്കാൻ താൻ ആഗ്രഹിക്കുന്നില്ല.യുവതീ പ്രവേശനകാലത്ത് ശബരിമലയില്‍ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായുള്ള പുസ്തകത്തിലെ തുറന്നുപറച്ചിലിലും പിഎസ് ശ്രീധരൻപിള്ള പ്രതികരിച്ചു. ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ താൻ സുവർണാവസരം എന്നു പറഞ്ഞതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു. മുഖ്യമന്ത്രി അടക്കം ഇക്കാര്യത്തിൽ മാപ്പ് പറയേണ്ടതാണ്. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സഹനസമരത്തെ സുർണ്ണാവസരം എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പമെന്നും പിഎസ് ശ്രീധരൻപിള്ള ചോദിച്ചു? 

ശബരിമല നട അടച്ചിടാൻ തന്ത്രിയോട് താൻ പറഞ്ഞതാണ്.ശബരിമല 18-ാം പടി വരെ രണ്ട് യുവതികളെ പൊലീസ് യൂണിഫോമിട്ട് കൊണ്ടുപോകാൻ അവർക്ക് സാധിച്ചു. നട അടച്ചിടുന്നത് കോടതി അലക്ഷ്യമാകില്ലെന്ന് താൻ തന്ത്രിയോട് പറഞ്ഞു.ആചാര അനുഷ്ഠാനങ്ങളുടെ ലംഘനം ആകില്ല എന്ന് പറഞ്ഞു.സർക്കാർ സ്പോൺസേർഡ് ആയി നടത്തിയ സ്കീം ആണ് പരാജയപ്പെട്ടത്.സീസണലായി ഏറ്റവും അധികം വിശ്വാസികൾ വരുന്നത് ശബരിമലയിലാണ്. മക്കയിലും ബദ്ലഹേമിലും തിരുപ്പതിയിലും പോകുന്നതിനേക്കാൾ കൂടുതൽ ആളുകൾ സമയങ്ങളിൽ ശബരിമലയിൽ വരാറുണ്ട്. യുവതികൾ കയറുമെന്നായപ്പോൾ തന്ത്രിയുടെ നേതൃത്വത്തിൽ പതിനെട്ടാംപടി അടച്ചു സീൽ ചെയ്തു.

സുവർണ്ണാവസരം ചർച്ചയായതിൽ, അത് കൊടുത്ത മാധ്യമപ്രവർത്തകരോട് സഹതാപം മാത്രമേയുള്ളു.എൻഎസ്എസ് ജനറൽ സെക്രട്ടറി ആണോ താൻ വഴി നട അടയ്ക്കാൻ ഇടപെട്ടത് എന്ന ചോദ്യത്തിന് താൻ ആരുടെയും പേര് പറയുന്നില്ലെന്നായിരുന്നു പി എസ് ശ്രീധരൻ പിള്ളയുടെ മറുപടി.തന്ത്രിക്കെതിരെ കേസെടുത്തത് ദുരൂഹമാണെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് സന്ദീപ് വചസ്പതി ആരോപിച്ചു.മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ ഗൂഢാലോചനയിൽ പങ്കുണ്ട്.ഹൈന്ദവ വിശ്വാസികളെ സംസ്ഥാന സർക്കാർ അവഹേളിച്ചു.യുവതി പ്രവേശന സമയത്ത് നടയടച്ചതിലുള്ള വൈരാഗ്യമാണ്.തന്ത്രിക്കെതിരെ അന്ന് പിണറായി വിജയൻ പരസ്യമായി പറഞ്ഞതാണ്.സ്വർണ്ണ കൊള്ള കേസ് വന്നപ്പോൾ പക വീട്ടിയത് ആണെന്നും സന്ദീപ് വചസ്പതി പറഞ്ഞു.

ശബരിമല സമരവും സുവർണ്ണ അവസരവിധിയും

പി എസ് ശ്രീധരൻ പിള്ളയുടെ പുതുതായി ഇറങ്ങുന്ന 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലാണ് യുവതി പ്രവേശനകാലത്തെ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. പ്രകാശനത്തിന് മുന്നോടിയായി പുസ്തകങ്ങൾ തന്ത്രിക്ക് നൽകാൻ പി എസ് ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തി.യുവതീ പ്രവേശന കാലത്ത് ശബരിമലയിൽ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ നിയമപദേശം നൽകിയത് താനാണെന്നാണ് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ എത്തിയാൽ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നൽകി. നട അടയ്ക്കുന്നതിൽ നിയമപ്രശ്നം ഇല്ലെന്ന് നേരിട്ട് ഉപദേശം നൽകുകയായിരുന്നു. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആയിരുന്നു ശ്രീധരൻ പിള്ള. ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടക്കാനിരിക്കെ താഴമൺ മഠത്തിലെത്തി തന്ത്രി കണ്ഠരര് രാജീവരരെ കണ്ടു. പുതിയ രണ്ട് പുസ്തകങ്ങൾ പ്രകാശനത്തിനു മുന്നോടിയായി തന്ത്രിക്ക് നൽകാനാണ് വന്നത്.

YouTube video player