മോൻസന്റെ ഇടപാടിൽ തനിക്ക് ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്ന മുൻ നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും കെ സുധാകരൻ

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റേതാണ് പ്രതികരണം. കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റുമായും പ്രതിപക്ഷ നേതാവുമായും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ പിന്നീട് പ്രതികരിക്കും. കോൺഗ്രസിലെ സംഘടനാ പരാതികളിൽ നേതാക്കളുമായി ചർച്ച നടത്തും. നേതാക്കൾക്ക് അച്ചടക്കം പ്രധാനമാണ്. അത് ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ സുധാകരനെതിരായ കേസ് നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ധിഖും പ്രതികരിച്ചു. പിണറായി വിജയന്റെ ഭരണം അഴിമതിയുടെ മുഖമായി മാറി. നിയമം നിയമത്തിന്റെ വഴിക്കല്ലാതെ സിപിഎമ്മിന്റെയും പിണറായിയുടേയും വഴിക്ക് നീങ്ങിയാൽ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടും. അറസ്റ്റിനെ തനിക്ക് ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന വാദവുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത് വന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരൻ പരാതി നൽകിയത്. ജീവിക്കുന്ന തെളിവുകളാണ് സുധാകരനെതിരെ പരാതിക്കാരൻ സമർപ്പിച്ചത്. അങ്ങനെ വരുമ്പോൾ കേസെടുക്കാതിരിക്കാൻ കഴിയില്ല. കുറ്റം ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ നിയമപരമായ കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് കെ സുധാകരനും പ്രതികരിച്ചിട്ടുണ്ട്. കേസിൽ തനിക്ക് യാതൊരു പങ്കുമില്ല. ആദ്യത്തെ സ്റ്റേറ്റ്മെൻറിൽ പരാതിക്കാർ തനിക്കെതിരെ മൊഴി നൽകിയിരുന്നില്ല. ഇപ്പോഴത്തെ കേസ് താൻ പഠിച്ച് കൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസം മുൻപാണ് നോട്ടീസ് കിട്ടിയത്. നാളെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണ്. കണ്ണിന്റെ കറുപ്പ് മാറ്റാനാണ് മോൻസന്റെ അടുക്കൽ പോയത്. അത് പൂർണമായും മാറിയിട്ടുമില്ല. വ്യാജ ഡോക്ടറെന്ന് അറിഞ്ഞത് പിന്നീടാണ്. മോൻസന് ഒപ്പം ഫോട്ടോ എടുക്കുന്നതിൽ എന്താണ് പ്രശ്നം? പല വി ഐപികളും മോൺസണ് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്. ഒരുപാട് കൊള്ളയടിച്ച കേസിൽ ജയിലിൽ കിടക്കേണ്ടയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ പെടുത്തി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പിണറായി മുഢസ്വർഗത്തിലാണ്. കാശ് വാങ്ങുന്നയാളാണെങ്കിൽ താൻ വനംമന്ത്രി ആയപ്പോൾ തന്നെ കോടികൾ സമ്പാദിച്ചേനെ. അനൂപ് അഹമ്മദിനെ അറിയില്ലെന്നും ഇവരുടെ പിറകിൽ കേസ് നടത്തിക്കാൻ മറ്റൊരു ശക്തിയുണ്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി. മോൻസന്റെ അടുക്കൽ പോയ പൊലീസുദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുന്നുണ്ടെങ്കിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥർകെതിരെയും കേസ് എടുക്കണം. ഒരു ഭയപ്പാടും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.