കാസർകോട്: കൊവിഡ് ചികിത്സയ്ക്കായി ടാറ്റ ഗ്രൂപ്പ് കാസർകോട് ജില്ലയിലെ ചട്ടഞ്ചാലിൽ നിർമ്മിക്കുന്ന ആശുപത്രിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കി ആശുപത്രി സർക്കാരിന് കൈമാറും. സംസ്ഥാനത്ത് കൊവിഡ് ചികില്‍സക്കായി നിര്‍മ്മിച്ച ആദ്യ ആശുപത്രിയാണിത്.

രാജ്യത്തെ വിവിധയിടങ്ങളിലുള്ള ടാറ്റയുടെ പ്ലാന്റുകളിൽ യൂണിറ്റുകളുണ്ടാക്കി കണ്ടൈയ്നറുകളിൽ ചട്ടഞ്ചാലിലെത്തിച്ചാണ് ഘടിപ്പിച്ചത്. അഞ്ച് കട്ടിലുകള്‍ ഇടാന്‍ കഴിയുന്ന ഐസലോഷന്‍ ക്വാറന്‍റൈന്‍ വാര്‍ഡിന്‍റെ യൂണിറ്റ്, രോഗം സ്ഥിരീകരിച്ചാല്‍ കഴിയാനുള്ള മൂന്നും ഒന്നും കിടക്കകളുള്ള പ്രത്യേക യൂണിറ്റുകള്‍ എന്നിവ തയ്യാറായി.

രോഗം സ്ഥിരീകരിച്ചവര്‍ക്ക് കഴിയാനുള്ളതൊഴികെ മറ്റെല്ലാ യൂണിറ്റുകളും ശിതീകരിച്ചതാണ്. നൂതന സൗകര്യത്തോട് കൂടിയാണ് ശുചിമുറി. 128 യൂണിറ്റുകളിലായി 540 കിടക്കകളാണ് സജ്ജമാകുന്നത്. ഭൂമി റവന്യുവകുപ്പാണ് നല്‍കിയത്. യൂണിറ്റുകളുടെ നിര്‍മ്മാണ ചെലവടക്കം ബാക്കിയെല്ലാം വഹിച്ചത് ടാറ്റയാണ്. തികച്ചും സൗജന്യമായാണ് നിർമ്മാണം.