കോഴിക്കോട്: മോഷ്ടാവെന്നാരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകന് കോഴിക്കോട് നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ ക്രൂരമര്‍ദ്ദനം. അസിസ്റ്റന്‍റ് ജനറല്‍ മാനേജരുടെ നേതൃത്വത്തിലുളള എട്ട് ജീവനക്കാര്‍ അധ്യാപകനെ രണ്ട് മണിക്കൂര്‍ തടഞ്ഞുവച്ചു. ഇദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും കവരുകയും ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ അധ്യാപകന്‍റെ പരാതിയിൽ, നാലുപേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. 
 
യുപി സ്വദേശിയും കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ അധ്യാപകനുമായ പ്രശാന്ത് ഗുപ്തയ്ക്ക് ഇക്കഴിഞ്ഞ ശനിയാഴ്ചയുണ്ടായത് അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയാത്ത ദുരനുഭവമാണ്. കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്തെ ഫോക്കസ് മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. 

ഭാര്യയ്ക്കായി സാധനങ്ങള്‍ വാങ്ങാനെത്തിയ പ്രശാന്ത് ഗുപ്ത സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് സംസാരിക്കാനായി കടയില്‍ നിന്ന് മാറി. ഈ സമയം കൈയില്‍ മൂന്ന് ലിപ്സ്റ്റിക് പായ്ക്കുകളുമുണ്ടായിരുന്നു. ഇതുകണ്ട ജീവനക്കാര്‍ മോഷ്ടാവെന്നാരോപിച്ച് മാര്‍ക്കറ്റിനുള്ളിലെ സ്ട്രോംഗ് റൂമിലെത്തിച്ച് വസ്ത്രങ്ങളഴിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പ്രശാന്ത് ഗുപ്ത കസബ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

പഴ്സിലുണ്ടായിരുന്ന 7000 രൂപ പിടിച്ചുവാങ്ങിയ സംഘം രണ്ട് മൊബൈല്‍ ഫോണുകളും ഒരു മോതിരവും കൈക്കലാക്കി. തുടര്‍ന്ന് ഗുപ്തയുടെ മൂന്ന് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റിലെ പിഒഎസ് മെഷീന്‍ ഉപയോഗിച്ച് 95000 രൂപ പിന്‍വലിക്കുകയും ചെയ്തു. രണ്ടു മണിക്കൂര്‍ നേരത്തെ പീഡനത്തിനു ശേഷം സംഘത്തിന്‍റെ  കൈയില്‍ നിന്ന് സ്വതന്ത്രനായ ഗുപ്ത ഉടനടി കസബ സ്റ്റേഷനിലെത്തി പരാതി നല്‍കി. 

എസ്ഐ വി സിജിതിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്ട്രോങ്ങ് റൂമില്‍ നിന്ന് ഗുപ്തയുടെ പഴ്സും ഫോണുകളും ആഭരണവും കണ്ടെത്തി. തുടര്‍ന്ന്  ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരായ സി പിരാജേഷ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ആഷിഖ് ഉസ്മാന്‍, കെ നിവേദ് എന്നിവരെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ യാഹ്യയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനവും പീഡനവുമെന്ന് പൊലീസ് പറഞ്ഞു. ഇയാളും ഫ്ളോര്‍ മാനേജര്‍ കമാലും ഒളിവിലാണ്. പ്രതികള്‍ക്കെതിരെ ഐപിസി 395, 342 വകുപ്പുകള്‍ പ്രകാരം കൂട്ടക്കവര്‍ച്ചയ്ക്ക് പൊലീസ് കേസെടുത്തു. നടുക്കം മാറാത്തതിനാല്‍ ഈ ഘട്ടത്തില്‍ സംഭവത്തെക്കുറിച്ച് പരസ്യപ്രതികരണത്തിനില്ലെന്ന് പ്രശാന്ത് ഗുപ്ത പറഞ്ഞു.