മൂല്യനിർണ്ണയ ഉത്തര സൂചികയിലെ അപാകത പരിഹരിക്കുമെന്ന മന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ അച്ചടക്ക നടപടികൾ പിൻവലിക്കാനും സർക്കാർ തയ്യാറാവണം
തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷ (Plus Chemistry Answer Papers) മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അധ്യാപകസംഘടനകൾ. വിഷയത്തിൽ സർക്കാരിൻ്റെ പിടിവാശി പരാജയപ്പെട്ടെന്നം അധ്യാപകർക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കണമെന്നും അധ്യാപകരുടെ സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.
മൂല്യനിർണ്ണയ ഉത്തര സൂചികയിലെ അപാകത പരിഹരിക്കുമെന്ന മന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ അച്ചടക്ക നടപടികൾ പിൻവലിക്കാനും സർക്കാർ തയ്യാറാവണം. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കി വിദ്യാർഥികൾക്ക് അർഹമായ മാർക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയിൽ പുതിയ ഉത്തരസൂചിക പുറത്തിറക്കണം. എന്നാൽ സർക്കാരിൻ്റെ പിടിവാശികൾ മുഴുവൻ പരാജയപ്പെട്ടത്തിൻ്റെ ജാള്യത മറയ്ക്കാൻ ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളെ ലക്ഷ്യംവയ്ക്കുന്ന നടപടി പരിഹാസ്യമാണ്.
പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty) നേരത്തെ അറിയിച്ചിരുന്നു. പുനപരിശോധിക്കാൻ 15 അംഗ സമിതിയെ നിയമിച്ചു. സമിതി നിർദേശിക്കുന്ന ഉത്തര സൂചികയനുസരിച്ച് മറ്റന്നാൾ മുതൽ മൂല്യനിർണയം നടക്കും. ഇതുവരെ നോക്കിയ പേപ്പറുകൾ വീണ്ടും മൂല്യനിർണയം നടത്തും. ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക ബഹിഷ്കരണത്തെ കുറിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. റിപ്പോർട്ടിൽ എന്തു നടപടിയെന്ന് ഇപ്പോൾ പറയാനാകില്ല. അധ്യാപകരുടെ ബഹിഷ്കരണം പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അധ്യാപകര്‍ പുറത്തുവിടുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍
ചില അധ്യാപക സംഘടനകൾ സർക്കാർ വിരുദ്ധ സമീപനം സ്വീകരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവി വച്ചാണ് ഇവർ പന്താടുന്നത്. മൂല്യനിർണയം ബഹിഷ്കരിക്കുന്നത് പരീക്ഷ അട്ടിമറിക്കാൻ വേണ്ടി മാത്രമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങൾ ഇവർ പുറത്തുവിടുന്നു. കെമിസ്ട്രി ഉത്തരസൂചികയിൽ ചില പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നു. ഇതിലെ പ്രശ്നങ്ങളറിയിക്കാനായി ഏപ്രിൽ 26 - ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ ഇതിൽ ആരും പരാതി പറഞ്ഞില്ല. അതിനാലാണ് സർക്കാർ ഉത്തരസൂചികയുമായി മുന്നോട്ട് പോയത്. പരീക്ഷാ ജോലിയിൽ നിന്നും അധ്യാപകർ വിട്ടുനിൽക്കരുതെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്. പരീക്ഷാ ഡ്യൂട്ടിയിൽ നിന്നും വിട്ട് നിൽക്കരുതെന്ന് സർക്കുലർ ഇറക്കിയതുമാണ്. കെമിസ്ട്രി ഉത്തര സൂചികയിൽ തെറ്റ് വരുത്തിയ 12 അധ്യാപകർക്കെതിരായുള്ള നടപടികൾ തുടരും. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്ന അധ്യാപകർക്കെതിരെയും നടപടിയുണ്ടാകും. കെമിസ്ട്രി ഉത്തര സൂചിക പുനപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 15 അധ്യാപകരടങ്ങിയ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ സമിതി നാളെ യോഗം ചേരും.
