Asianet News MalayalamAsianet News Malayalam

'നിധി പോലുള്ള കുഞ്ഞുങ്ങളായിരുന്നു', നേപ്പാളിൽ മരിച്ച കുട്ടികളെ ഓർത്ത് വിതുമ്പി അധ്യാപകർ

''എന്ത് ഹോംവർക്ക് കൊടുത്താലും കൃത്യമായി ചെയ്യും. എന്ത് ചെയ്യാൻ പറഞ്ഞാലും അത് ചെയ്ത് ടീച്ചറേന്ന് പറഞ്ഞ് കയ്യിൽ കൊണ്ടുവന്ന് തരും'', കുട്ടികളുടെ അധ്യാപികയായ ഹേതൽ വിതുമ്പി. 

teachers of the kids died in nepal while on tour remembers them
Author
Kochi, First Published Jan 22, 2020, 4:43 PM IST

കൊച്ചി: സങ്കടമടങ്ങാതെ രണ്ട് ഇടങ്ങൾ. മലമുകളിലേക്കുള്ള വിനോദയാത്രയുടെ ആഹ്ളാദത്തിൽ നിന്ന് ദുഃഖത്തിന്‍റെ കടലിലേക്ക് വീണുപോയവർ. നേപ്പാളിൽ റിസോർട്ടിൽ ഹീറ്ററിൽ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ച് മരിച്ചുപോയ പ്രവീണിന്‍റെ കുഞ്ഞുങ്ങൾ പഠിച്ച കൊച്ചി എളമക്കരയിലെ വിദ്യാനികേതൻ സ്കൂള്‍, അവരുടെ കൊച്ചി എളമക്കരയിലെ ആ ഫ്ലാറ്റ്. വിശ്വസിക്കാവതല്ല, അവർക്കാർക്കും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും. 

''നിധി പോലത്തെ കുഞ്ഞുങ്ങളായിരുന്നു. എന്ത് ഹോംവർക്ക് കൊടുത്താലും കൃത്യമായി ചെയ്യും. എന്ത് ചെയ്യാൻ പറഞ്ഞാലും അത് ചെയ്ത് ടീച്ചറേന്ന് പറഞ്ഞ് കയ്യിൽ കൊണ്ടുവന്ന് തരും'', പ്രവീണിന്‍റെ ഇളയ കുഞ്ഞ് അഭിനവിന്‍റെ ക്ലാസ് അധ്യാപിക ഹേതൽ വിതുമ്പിക്കരയുന്നു.

അഞ്ചുവയസ്സുകാരൻ അഭിനവ് അവസാനമായി ചെയ്ത ഹോംവർക്ക് അവരുടെ മുന്നിലുണ്ട്. മുന്നിൽ നിരത്തി വച്ച ആ പുസ്തകങ്ങൾക്ക് മുന്നിൽ കണ്ണു നിറഞ്ഞ് അധ്യാപകരിരിക്കുന്നു. ഇനിയൊരിക്കലും അവർ തിരിച്ചുവരില്ലെന്നുറപ്പായതോടെ.

മൂന്നാം ക്ലാസില്‍ പഠിക്കുന്ന ചേച്ചി ശ്രീഭദ്രയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ടൂർ പോവുകയാണെന്ന് അഭിനവിന്‍റെയും ആർച്ചയുടെയും ടീച്ചർമാരെ അറിയിച്ചത്. മുത്തച്ഛനോടൊപ്പമാണ് അവസാനദിവസവും മൂവരും സ്കൂളില്‍ നിന്നും മടങ്ങിപ്പോയത്.

ആർച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ സ്കൂള്‍ അധികൃതർക്ക് ആദ്യം കിട്ടിയ സൂചന. വൈകിട്ടോടെ ആ പ്രതീക്ഷയും നഷ്ടമായി. നാളെ സ്കൂള്‍ അസംബ്ലിയില്‍ മൂന്ന് കൂട്ടുകാർക്കും സഹപാഠികള്‍ ആദരാജ്ഞലിയർപ്പിക്കും.

നിശ്ശബ്‍ദം ആ ഫ്ലാറ്റ്

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് രഞ്ജിത്തും കുടുംബവും പ്രവീണിന്‍റെ കൊച്ചി എളമക്കരയിലുള്ള ഫ്ലാറ്റിലെത്തുന്നത്. കോഴിക്കോട് നിന്നും കാറിലാണ് ഇവർ എറണാകുളത്തെത്തിയത്. 3.11-ഓടെ ഒരു ടാക്സിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയി. ആദ്യം ദില്ലിയില്‍ സംഘടിപ്പിച്ചിരുന്ന കോളേജ് റീയൂണിയനിലേക്ക്. അവിടെ നിന്നും നേപ്പാളിലേക്കും.

അമൃത കോളേജില്‍ എംഫാമിന് പഠിക്കുന്ന ശരണ്യയ്ക്ക് വേണ്ടിയാണ് രണ്ട് വർഷം മുമ്പ് ഈ ഫ്ലാറ്റ് പ്രവീൺ വാങ്ങുന്നത്. ഒമ്പത് വയസ്സുകാരി ശ്രീഭദ്രയും എട്ടുവയസ്സുകാരി ആർച്ചയും 5 വയസ്സുകാരൻ അഭിനവും അടുത്തുള്ള സരസ്വതി വിദ്യാനികേതൻ സ്കൂളിലാണ് പഠിച്ചിരുന്നത്. ശരണ്യയുടെ അച്ഛൻ ശശിധരക്കുറുപ്പാണ് ഇവർക്കൊപ്പം ഈ ഫ്ലാറ്റിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഇവരെ യാത്രയാക്കിയ ശേഷം രാവിലെ തന്നെ അദ്ദേഹം കൊല്ലത്തെ വീട്ടിലേക്ക് പോയിരുന്നു.

തിരികെ ആ ഫ്ലാറ്റിലിനി മടങ്ങിയെത്താൻ ആരുമില്ലെന്ന സങ്കടത്തിലേക്കാണ് കുടുംബാംഗങ്ങളെല്ലാം വന്നെത്തുന്നത്. 

Follow Us:
Download App:
  • android
  • ios