ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മേഘാലയ സർക്കാർ. ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ അറിയിച്ചു.

ഷില്ലോങ്: കേരളത്തിന് പിന്നാലെ ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി മേഘാലയ സർക്കാരും. ഫൈനൽ ആവേശം കണക്കിലെടുത്ത് തിങ്കളാഴ്ച (ജൂലൈ 20) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അസാധാരണ തീരുമാനം അറിയിച്ചത്.

ഫുട്ബോളിനോടുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അദമ്യമായ അഭിനിവേശം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "മേഘാലയയിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഫൈനൽ മത്സരം പരമാവധി ആസ്വദിക്കൂ... നിങ്ങൾ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നത്?" - കോൺറാഡ് സാങ്മ വീഡിയോയിലൂടെ ചോദിച്ചു.

ഇന്ത്യൻ സമയം അനുസരിച്ച് അർദ്ധരാത്രിക്ക് ശേഷമാണ് ലോകകപ്പ് കിരീടപ്പോരാട്ടം നടക്കുന്നത്. ഫൈനൽ മത്സരം കണ്ട് വൈകി ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ ക്ലാസുകളിൽ ഹാജരാകുക ബുദ്ധിമുട്ടാകും എന്നതിനാലാണ് ഭരണകൂടത്തിന്‍റെ ഈ ഇടപെടൽ. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മേഘാലയയിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും ആവേശവും പകരുന്നതാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം.

കേരളത്തിലും അവധി

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നൽകുന്ന കാര്യം ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരിച്ചിരുന്നു.