നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുൻപരിചയമുള്ള വിദഗ്ധ സഘമാണ് കോഴിക്കോട്ടുനിന്ന് കൊച്ചിക്ക് തിരിച്ചിട്ടുള്ളത്. 

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിദഗ്ധ സംഘം കൊച്ചിക്ക് തിരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് സംഘം യാത്ര തിരിച്ചത്. മൂന്ന് ഡോക്ടർമാർ അടങ്ങുന്ന ആറംഗ സംഘം കൊച്ചിയിലേക്ക് തിരിച്ചത്. രണ്ട് നഴ്സുമാരും ഒരു റിസർച്ച് അസിസ്റ്റന്‍റും സംഘത്തിൽ ഉണ്ട്. 

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങൾ ചര്‍ച്ച ചെയ്യാൻ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങൾ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ആരോഗ്യമന്ത്രി കൊച്ചിക്ക് തിരിച്ചത്. കൊച്ചിയിൽ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടർനടപടികൾ. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്നുകൾ ഇപ്പോഴും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ മരുന്ന് എത്തിക്കാനുള്ള നടപടിയും എടുത്തിട്ടുണ്ട്.