കംപ്യൂട്ടറില്‍ പ്രായോഗിക ക്ലാസ്സ് നടത്തുന്ന ഇത്തരം കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം പ്രായോഗികമല്ല. കോഴ്സുകള്‍ മുടങ്ങി ഒരു വര്‍ഷമായെങ്കിലും, സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ക്ക് ഒരിളവും ഇതുവരെ കിട്ടിയിട്ടില്ല. ഫ്രാഞ്ചൈസി ഫീസ് മുടങ്ങാതെ നല്‍കണം. പൂട്ടികിടക്കുകയാണെങ്കിലും വൈദ്യുതി ചാര്‍ജ്ജില്‍ ഇളവില്ല


തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പതിനായിരത്തോളം സ്ഥാപനങ്ങള്‍, ഒരു വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ പ്രായോഗികമല്ലാത്തതിനാല്‍, നിരവധി കോഴ്സുകളാണ് മുടങ്ങിയിരിക്കുന്നത്.

സി ഡിറ്റ്, സി ആപ്റ്റ്, കെല്‍ട്രോണ്‍, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിജിഡിസിഎ, ഡിസിഎ, ടാലി തുടങ്ങിയ കോഴ്സുകള്‍ പഠിപ്പിക്കുന്ന പതിനായിരത്തോളം സാങ്കേതിക പരിശീലന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പരീക്ഷ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തും. കംപ്യൂട്ടറില്‍ പ്രായോഗിക ക്ലാസ്സ് നടത്തുന്ന ഇത്തരം കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം പ്രായോഗികമല്ല. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.

ഇക്കഴിഞ്ഞ ഡിസംബറില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കിയെങ്കിലും ജനുവരി അവസാനത്തോടെ പിന്‍വലിച്ചു. പ്രായോഗിക പഠനം ഇല്ലാത്തതിനാല്‍ ഈ കോഴ്സുകൾ ഒരു വര്‍ശത്തിലേറെയായി മുടങ്ങി. വിദേശത്തുള്‍പ്പെടെ ജോലിസാധ്യതക്ക് ഇത്തരം കംപ്യൂട്ടര്‍ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. അധ്യാപകരും ജീവനക്കാരുമുള്‍പ്പെടെ മൂന്നു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

കോഴ്സുകള്‍ മുടങ്ങി ഒരു വര്‍ഷമായെങ്കിലും, സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ക്ക് ഒരിളവും ഇതുവരെ കിട്ടിയിട്ടില്ല. ഫ്രാഞ്ചൈസി ഫീസ് മുടങ്ങാതെ നല്‍കണം. പൂട്ടികിടക്കുകയാണെങ്കിലും വൈദ്യുതി ചാര്‍ജ്ജില്‍ ഇളവില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് അടിയന്തരമായി സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നു.