തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ നിർദ്ദേശ പ്രകാരം പുനർമൂല്യനിർണ്ണയം നടത്തി ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിച്ച നടപടിയിൽ സാങ്കേതിക സർവ്വകലാശാല ഡാറ്റാബേസിലും മാറ്റം വരുത്തി. ഒടുവിൽ കിട്ടിയ മാർക്ക് ആദ്യം ലഭിച്ച മാർക്കാക്കി തിരുത്താൻ സർവ്വകലാശാല പ്രത്യേകം ഉത്തരവിറക്കി. മൂല്യനിർണ്ണയം നടത്തി തോൽപ്പിച്ചു എന്ന് മന്ത്രി ആരോപിച്ച അധ്യാപകർക്കെതിരെ സാങ്കേതിക സർവ്വകലാശാല നടപടി എടുക്കാത്തതും ദുരൂഹം.

എല്ലാം ചട്ടപ്രകാരം എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം എന്നാൽ ഒന്നിനു പിറകെ ഒന്നായി സാങ്കേതിക സർവ്വകലാശാലയിൽ നടന്നതെല്ലാം ചട്ടങ്ങൾ കാറ്റിൽപറത്തിയുള്ള നടപടികൾ. അദാലത്തിൽ മന്ത്രി പ്രത്യേക പരിഗണ നൽകി സഹായിച്ച ശ്രീഹരിക്ക് മൂന്നാം മൂല്യനിർണ്ണയത്തിൽ പതിനാറ് മാർക്ക് അധികം കിട്ടിയതിൽ തീർന്നില്ല ദുരൂഹതകൾ. അസാധാരണ നടപടകളിലൂടെ സർവ്വകലാശാല ഡാറ്റാബേസിലും മാറ്റം വരുത്തി.

നാൽപത്തിയെട്ട് മാർക്ക് ഡാറ്റാബേസിൽ ഉൾപ്പെടുത്താൻ സാങ്കേതികതടസ്സങ്ങൾ നിരന്നപ്പോൾ, ഡാറ്റാബേസ് അട്ടിമറിച്ചു. പ്രത്യേക ഉത്തരവിലൂടെ പാസ്‍വേഡ് ഉപയോഗിച്ച് ഡാറ്റാബേസ് തുറന്ന് ആദ്യം ലഭിച്ച 29 മാർക്ക് നീക്കി. ആദ്യ മൂല്യനിർണ്ണയത്തിൽ തന്നെ 48 മാർക്ക് ശ്രീഹരിക്ക് ലഭിച്ചതായി ഡിജിറ്റൽ രേഖകൾ മാറ്റി. എല്ലാം വെട്ടിതിരുത്താൻ വൈസ് ചാൻസലർ പ്രത്യേക ഉത്തരവിറക്കി. 

ഇത് ചൂണ്ടികാട്ടി ഗവർണ്ണറെ വീണ്ടും സമീപിക്കാനാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയുടെ തീരുമാനം. രണ്ട് തവണ മൂല്യനിർണ്ണയം നടത്തി മാർക്ക് നിഷേധിച്ച അധ്യാപകർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് വാർത്ത പുറത്തായപ്പോൾ മന്ത്രി ജലീൽ പറഞ്ഞത്. എന്നാൽ മാസം അഞ്ചായിട്ടും സർവ്വകലാശാല നടപടിയെടുക്കാത്തതും വിചിത്രം. ഒപ്പം മൂല്യനിർണ്ണയത്തിൽ ആക്ഷേപമുയർന്ന ആറാം സെമസ്റ്റർ ഡൈനാമിക്സ് ഓഫ് മെഷിനറീ പേപ്പറിൽ എല്ലാപേപ്പറുകളും പരിശോധിക്കാതെ ഒരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രം പ്രത്യേക മൂല്യനിർണ്ണയം നടത്തിയതിലും ചോദ്യങ്ങൾ ബാക്കി.