Asianet News MalayalamAsianet News Malayalam

ടെക്നോപാർക്ക് വികസനത്തിൽ ഗുരുതര കരാർ ലംഘനം; പങ്കാളികളായി റിയൽ എസ്റ്റേറ്റ് കമ്പനികൾ

ടെക്നോപാർക്ക് ഭൂമിയിലെ പദ്ധതികളിൽ ടോറസിൽ നിന്നും 49 ശതമാനം ഓഹരി എംബസി ഗ്രൂപ്പ് സ്വന്തമാക്കിയതെങ്ങനെ. മൂന്നാംഘട്ട വികസനത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾക്കൊപ്പം ഈ ഇടപാടുകളും ദുരൂഹം.

techno park third stage development torus violates guidelines
Author
Trivandrum, First Published Jul 28, 2020, 12:03 PM IST

തിരുവനന്തപുരം: ടെക്നോപാർക്ക് മൂന്നാംഘട്ട വികസനത്തിനായി നൽകിയ ഭൂമിയിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തെയും പങ്കാളിയാക്കി ടോറസ്. 2014ൽ ടോറസിന് മാത്രമാണ് വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ആദ്യം അനുമതി നൽകിയത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തന്നെ ഉത്തരവ് പരിഷ്ക്കരിച്ചതാണ് ടോറസിന് സഹായകമായത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് അമേരിക്കൻ കമ്പനിയായ ടോറസിന്‍റെ കടന്നുവരവ്. ഐടിക്ക് പകരം റിയൽ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളുള്ള കമ്പനിയുമായി സർക്കാർ കൈകോര്‍ത്തു.

2014 ഒക്ടോബർ പത്തിന് സർക്കാർ ഇറക്കിയ ഉത്തരവില്‍ ടോറസിനും ഇവർക്ക് 100ശതമാനം പങ്കാളിത്തമുള്ള അനുബന്ധ സ്ഥാപനങ്ങൾക്കും മാത്രമാണ് വികസനപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. 2018 മാർച്ചിൽ ടോറസിന്‍റെ മൂന്ന് അനുബന്ധ കമ്പനികളുമായി  ടെക്നോപാർക്ക് പാട്ടക്കരാർ ഒപ്പിട്ടു. ഇവിടെ മുതൽ സർക്കാർ നൽകിയ ഭൂമിയിൽ ഒരവകാശി കൂടി രംഗപ്രവേശം ചെയ്യുകയാണ്. ബാഗ്ലൂർ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പ്.

2018ൽ മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലും ടോറസ് നൽകിയ പരസ്യങ്ങളിലും മറ്റ് റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും കടന്നുകൂടി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ചപ്പോൾ എല്ലാ നിയമപരമായിട്ടാണെന്നാണ് ടോറസ് അവകാശപ്പെടുന്നത്. 2014ൽ ആദ്യ ഉത്തരവ് ഇറങ്ങി പത്ത് മാസങ്ങൾക്ക് ശേഷം 2015 ആഗസ്റ്റിൽ ഉപാധികളിൽ മാറ്റം വരുത്തി സർക്കാർ ഇറക്കിയ ഉത്തരവാണ് ഇതിന് സഹായകമായത്. കുഞ്ഞാലിക്കുട്ടി ഐടി മന്ത്രിയായിരിക്കെ ആദ്യ ഉത്തരവിറക്കിയ അന്നത്തെ ഐടി സെക്രട്ടറി പി എച്ച് കുര്യൻ തന്നെയാണ് ടെക്നോപാർക്ക് അപേക്ഷയിൽ ഉത്തരവ് പരിഷ്ക്കരിച്ചത്. ഇളവുകളുള്ള പ്രത്യേക സാമ്പത്തിക മേഖലയിൽ പങ്കാളികളെ ചേർക്കാനും ടോറസിന് മുന്നിൽ കളമൊരുങ്ങി. ടെക്നോ പാർക്ക് മൂന്നാം ഘട്ട വികസനത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾക്കൊപ്പം ഈ ഇടപാടുകളും പ്രസക്തം.

Follow Us:
Download App:
  • android
  • ios