തിരുവനന്തപുരം: കൊവിഡ് 19 കാലത്ത് 25000 പേർക്ക് താങ്ങായി ആ​രോ​ഗ്യകേരളത്തിന്റെ ടെലിഹെൽപ് ലൈൻ സംവിധാനമായ ദിശ 1056 മുന്നോട്ട്. ദൈനംദിനം കോളുകളുടെ എണ്ണം വർദ്ധിച്ചതോടെ ദിശയിലെ കൗൺസിലർമാരുടെ എണ്ണം ആറിൽ നിന്ന് മുപ്പതാക്കി ഉയർത്തിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ ശരാശരി ആയിരം കോളുകളാണ് എത്തിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് സ്ഥിതി​ഗതികൾ മാറിയതോടെ 3500 മുതൽ 4000 കോൾ വരെയാണ് ഒരു ദിവസം എത്തുന്നത്. നിലവിലെ ടെലി കൗൺസിലർമാരുടെ എണ്ണം മുപ്പതാക്കിയതോടെ ഒരു സമയം 1056 ൽ വിളിക്കുന്ന 30പേർക്ക് സേവനം നൽകാൻ സാധിക്കും. 14 ദിശ കൗൺസിലർമാരെയും എംഎസ്ഡബ്ളിയു, എംഎ സോഷ്യോളജി വിദ്യാർത്ഥികളായ 50 വോളണ്ടിയർമാരെയാണ് ഇതിനായി ദിശയിൽ വിനിയോ​ഗിച്ചത്. 

എങ്ങനെയാണ് ക്വാറന്റൈൻ ചെയ്യേണ്ടത്, ക്വാറന്റൈൻ കഴിഞ്ഞവർ എന്തുചെയ്യണം, ക്വാറന്റൈൻ കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് ലഭിക്കുമോ, വിദേശത്ത് നിന്ന് എത്തിയ വ്യക്തി ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല തുടങ്ങി നിരവധി അന്വേഷണങ്ങളാണ് ദിനംപ്രതി ദിശയിലേക്ക് എത്തുന്നത്. പനിയും ജലദോഷവും വന്ന് തങ്ങൾക്ക് കൊറോണയാണോ എന്ന് പരിഭ്രാന്തരായി വിളിക്കുന്നവരുടെ എണ്ണവും കുറവല്ല. ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരെക്കൂടി നിയോ​ഗിച്ചാണ് ദിശ ഈ സംശയങ്ങളെല്ലാം ദുരീകരിക്കുന്നത്. കൂടുതൽ മാനസിക പിന്തുണ ആവശ്യമുള്ളമുള്ളവർക്ക് മാനസികാരോ​ഗ്യ ടീമിന്റെ സഹായവും ദിശയിൽ ലഭ്യമാണ്. അത് ജില്ലകളിലെ കൊവിഡ് 19 കൺട്രോൾ റൂമുകളിൽ ആവശ്യമെങ്കിൽ വിളിക്കാനുള്ള അവസരവും ദിശ നൽകുന്നുണ്ട്.