Asianet News MalayalamAsianet News Malayalam

ചാനലിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി: കൂടത്തായി ടിവി സീരിയലിനുള്ള സ്റ്റേ തുടരും

തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സ്റ്റേ ഏകപക്ഷീയമാണന്നും സീരിയലിന്‍റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അനാവശ്യവുമാണെന്ന ചാനലിന്റെ വാദം കോടതി തള്ളി

telecast of koodathayi the game of death serial will continue
Author
Koodathai, First Published Jan 28, 2020, 12:09 PM IST

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര അടിസ്ഥാനമാക്കി ഒരു സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന സീരിയലിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന ചാനലിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണിത്. 

തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സ്റ്റേ ഏകപക്ഷീയമാണന്നും സീരിയലിന്‍റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അനാവശ്യവുമാണെന്ന ചാനലിന്റെ വാദം കോടതി തള്ളി. ചാനലിന്റെ എതിർസത്യവാങ്മൂലം പരിശോധിച്ച കോടതി അതിലേക്ക് കടന്നില്ല. ഹർജിക്കാരനും കൊലപാതകക്കേസിലെ മുഖ്യ സാക്ഷിയുമായ കൂടത്തായി സ്വദേശി മൊഹമ്മദിനോടും ഡിജിപിയോടും തർക്കമുണ്ടങ്കിൽ അറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 22-നാണ് കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത് എന്ന പേരില്‍ സംപ്രേഷണം ആരംഭിച്ച സീരിയലിന് കോടതി സ്റ്റേ നല്‍കിയത്. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ സീരിയില്‍ സംപ്രേഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കേസിലെ നിര്‍ണായക സാക്ഷികളാണ് താനും തന്‍റെ മാതാവുമെന്നും തങ്ങളുടെ ഇരുവരുടേയും നിര്‍ണായക മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയലില്‍ അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി തന്നെയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios