അടുത്തിടെ ആറ്റുകാൽ പൊങ്കാല സമയത്ത് തിരുവനന്തപുരത്തെ പാളയത്ത് കണ്ടതിന് സമാനമായ, കേരളത്തിൻ്റെ യഥാർത്ഥ മതസൗഹാർദ്ദ മുഖം വ്യക്തമാക്കുന്നതായിരുന്നു ഈ ഒത്തുചേരൽ.

കോഴിക്കോട്: വടകര മുക്കാളിയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്ര സമിതിയും പള്ളി കമ്മിറ്റിയും. ചോമ്പാല ശ്രീ അയ്യപ്പക്ഷേത്രം സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ പരിപാടിക്ക് സ്വാഗതം പറഞ്ഞതു. ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് അസ് അധി അടക്കമുള്ള പ്രമുഖർ നോമ്പുതുറയ്ക്ക് എത്തി. ചോമ്പാല എൽ പി സ്കൂൾ ഗ്രൗണ്ടിലാണ് നോമ്പുതുറ ഒരുക്കിയത്. 

അടുത്തിടെ നടന്ന ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃക കാണാനായിരുന്നു. ക്ഷേത്രവും ജുമ മസ്ജിദും സെന്‍റ് ജോസഫ് ചർച്ചും തൊട്ടടുത്തായി നിലകൊള്ളുന്ന തിരുവനന്തപുരത്തെ പാളയത്ത് പൊങ്കാലയ്ക്കായെത്തുന്നവർക്കുള്ള സൗകര്യങ്ങളെല്ലാം മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഒരുക്കിയിരുന്നു. ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതൊക്കെയാണ് "റിയൽ കേരള സ്റ്റോറി' യെന്ന രീതിയിൽ കേരളമൊന്നാകെ ഇതിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.