കാസർകോട്: 158 പേരുടെ മരണത്തിനിടയാക്കിയ മംഗാപുരം വിമാന ദുരന്തത്തിന് ഇന്നേക്ക് പത്ത് വര്‍ഷം. ആകെ രക്ഷപ്പെട്ടത് എട്ടുപേര്‍ മാത്രം. ആറു ജീവനക്കാരും 32 സ്ത്രീകളും 23 കുട്ടികളും വെന്തുമരിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട കാസര്‍കോട് സ്വദേശി കൃഷ്ണന് ഇന്നും അത് നടുക്കുന്ന ഓര്‍മ തന്നെയാണ്. 

2010 മെയ് 22 രാവിലെ 6.07. ലാന്‍‍‍ഡിംഗ് ശ്രമത്തിനിടെ നിയന്ത്രണം വിട്ട് വിമാനം കത്തിയമരുമ്പോള്‍ കൃഷ്ണനെ പോലെ ആറുപര്‍ ജീവിതത്തിലേക്ക് തിരിച്ചുകയറി. ദുബായ് എയര്‍പോര്‍ട്ടില്‍ ഓടിക്കളിച്ച് നടന്ന കുട്ടികളുടെ നിലവിളികള്‍ കൃഷ്ണന്‍റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. നിയന്ത്രണം വിട്ടപ്പോള്‍ തന്നെ വിമാനത്തിന്‍റെ ഉള്‍ഭാഗം പൊട്ടിത്തെറിക്കുന്നത് പോലെ കുലുങ്ങുകയായിരുന്നു എന്ന് കൃഷ്ണന്‍ പറയുന്നു. ശരീരം മുറിഞ്ഞ് ചോര പൊടിയുന്നതറിഞ്ഞിട്ടും വിമാനത്തിനുള്ളില്‍ നിന്ന് ചെറിയ വെളിച്ചം കണ്ട വിടവിലൂടെ കൃഷ്ണന്‍ ജീവിതത്തിലേക്ക് വലിഞ്ഞു കയറി. അപ്പോഴും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഞരക്കം കേള്‍ക്കാമായിരുന്നു. കൂരിരുട്ടായതിനാല്‍ ആരെയും കാണാൻ കഴിയുന്നില്ലായിരുന്നു. 

വിമാനത്തിന് മുകളില്‍ നിന്ന് താഴേക്ക് എടുത്തുചാടി ഉരുണ്ട് വീണത് വനത്തിലേക്കായിരുന്നു. എണീറ്റ് തിരിഞ്ഞുനോക്കുമ്പോഴേക്ക് വിമാനം കത്തിയമര്‍ന്ന് തുടങ്ങിയിരുന്നു. മുന്നില്‍ക്കണ്ട വഴിലൂടെ ഓടി റെയില്‍വേ ട്രാക്കിലെത്തി. ആശുപത്രിയിലെത്തുന്നതുവരെ ദുരന്തത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് കൃഷ്ണനറിഞ്ഞിരുന്നില്ല. തന്‍റെ മുന്നിലൂടെ എയര്‍പോര്‍ട്ടില്‍ ഓടിനടന്ന കുട്ടികളുടെ ചിരിക്കുന്ന മുഖം ഇന്നും കൃഷ്ണന് മറക്കാനാകുന്നില്ല.

"