തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ കീഴിലുള്ള സഭ ടിവിയിലും കരാര്‍ വിവാദം. സഭാ ടിവിയുടെ ഓൺലൈൻ പ്രചാരണ ചുമതല ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ കന്പനിക്ക് കരാര്‍ നല്‍കിയ നടപടിയാണ് സംശയ നിഴലിലായത്. അരക്കോടിയോളം രൂപയുടെ കരാര്‍ കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്.

കൊച്ചി ആസ്ഥാനമായ ബിട്രയ്റ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിയമസഭ ടിവിയുടെ ഒടിടി പ്ലാറ്റ്ഫോം തയാറാക്കാനുളള കരാര്‍ കിട്ടിയത്. 47 ലക്ഷം രൂപയുടെ കരാറായിരുന്നു. എന്നാല്‍ ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഇത്ര ഉയര്‍ന്ന തുകയുടെ കരാര്‍ നല്‍കിയപ്പോള്‍ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. ടെന്‍ഡര്‍ വിളിച്ചതേയില്ല. പകരം ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്‍റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ച് ബിട്രയ്റ്റിനെ തിരഞ്ഞെടുക്കുകയായിരുന്നു. ടെൻഡർ വിളിച്ചില്ലെന്ന കാര്യം നിയമസഭ സെക്രട്ടറിയും ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചു. ബിട്രയ്റ്റ് ആവശ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കിയ രണ്ടു സ്ഥാപനങ്ങള്‍ അന്തിമ പട്ടികയില്‍ ഉണ്ടായിട്ടും ഒഴിവാക്കപ്പെട്ടതും സംശയം ജനിപ്പിക്കുന്നു.

സ്റ്റാര്‍ട്ടപ്പ് കമ്പനി എന്ന പരിഗണന ബിട്രയ്റ്റിന് നല്‍കിയെന്ന് ഉത്തരവാദപ്പെട്ടവർ സമ്മതിക്കുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോം തയാറാക്കാന്‍ സജ്ജമായ കേരളത്തിലെ ഏക സ്റ്റാര്‍ട്ടപ്പ് ബിട്രയ്റ്റ് മാത്രമാണെന്നും നിയമസഭ സെക്രട്ടറിയേറ്റ് വിശദീകരിക്കുന്നു. അപ്പോഴും പൊതുഖജനാവില്‍ നിന്ന് അരക്കോടിയോളം രൂപ ചെലവിടുമ്പോ എങ്ങിനെ ടെന്‍ഡര്‍ വിളിക്കാതെ ഒരു കരാര്‍ നല്‍കുമെന്ന ചോദ്യം പ്രസക്തമാണ്

അതിനിടെ സഭ ടി വി യുമായി സജീവമായി പ്രവർത്തിച്ചിരുന്ന ബിട്രയിറ്റിന്റെ ജീവനക്കാരി ആയിരുന്ന നീതു ഐസക് അടുത്തിടെ രാജി വെച്ചതും ദുരൂഹത ഉയർത്തുന്നു. സഭ ടീവിയുടെ പ്രൊഡക്ഷൻ ജോലി ചെയ്യുന്നത് മുതിർന്ന നാല് മാധ്യമ പ്രവർത്തകർ ആണെങ്കിലും നീതു ഐസക് ഉള്ളടക്കത്തിൽ എല്ലാം ഇടപെട്ടിരുന്നു. സ്വർണ്ണ കടത്തു കേസും കേസിലെ പ്രതിയുടെ കട സ്പീക്കർ ഉത്ഘാടനം ചെയ്തതും വിവാദം ആകുന്നതിനിടെ ഇവർ രാജിവച്ചെന്നാണ് വിവരം. നീതുവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല. മറ്റൊരു ബിസിനസ് തുടങ്ങാൻ നീതു രാജിവച്ചെന്ന വിശദീകരണമാണ് ബിട്രയ്റ്റ് പ്രതിനിധികൾ നൽകുന്നത്.