കോട്ടയം: ഏറ്റുമാനൂർ മേഖലയിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 118 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിൽ 116 പേർക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധ. ഏറ്റുമാനൂരിൽ 54 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതിൽ 45 പേരും പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളാണ്. ഇതിൽ 32 ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. 

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ സമ്പർക്കപ്പട്ടികയിലുള്ള 4 പൊലീസുകാർ നിരീക്ഷണത്തിലാണ്. ഏറ്റുമാനൂരിൽ ലോക്ക്ഡൗൺ വേണമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.തിലോത്തമൻ അറിയിച്ചു. കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ട് ഗർഭിണികൾക്കും പാറത്തോട് ഒരു കുടുംബത്തിലെ 7 പേർക്കും ഇന്ന് കൊവിഡ് ബാധിച്ചു.