രോഗലക്ഷണങ്ങളുമായി തൊടുപുഴയിൽ നിന്ന് രണ്ട് പേർ കൂടി കളമശേരിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ യുവാവ് പഠിച്ച തൊടുപുഴയിലെ കോളേജിൽ നിന്ന് പന്നിഫാമിലേക്ക് തീറ്റ ശേഖരിച്ചു കൊണ്ട് പോയ ആളാണ്
കൊച്ചി: നിപ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മന്ത്രി കൊച്ചിയിൽ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം ചേരും.
സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നിപ ബാധിതനായ വിദ്യാർത്ഥിയുടെയും കളമശേരിയിലെ ഐസലേഷൻ വാർഡിൽ കഴിയുന്നവരുടെയും ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആരോഗ്യമന്ത്രി അറിയിക്കുന്നത്. നിപ ബാധിതനായ വിദ്യാർത്ഥിയുടെ പനി കുറഞ്ഞു തുടങ്ങി. വൈകാതെ ഇയാളിൽ നിന്ന് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ സാമ്പിളുകൾ പൂനെ, ആലപ്പുഴ, മണിപ്പാൽ ലാബുകളിലേക്ക് അയച്ചു. നിപ ബാധിതനായ യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർ, യുവാവിന്‍റെ സഹപാഠി, ഇയാളുമായി ബന്ധപ്പെടാത്ത ചാലക്കുടി സ്വദേശി എന്നിവരാണ് ഇപ്പോൾ ഐസൊലേഷൻ വാർഡിൽ ഉള്ളത്. നാളെ രാത്രിയോടെയോ മറ്റന്നാളോടെയോ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ, പരിശോധന ഫലത്തിന് കാത്ത് നിൽക്കാതെ ചികിത്സകൾ തുടങ്ങും. പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ആസ്ട്രേലിയൻ മരുന്നായ ഹ്യൂമൻ മോണോ ക്ലോണൽ ആന്‍റിബോഡി കളമശേരിയിലെ ആശുപത്രിയിലെത്തിച്ചു. ഐസലേഷൻ വാർഡിലുള്ളവർക്ക് നിപ സ്ഥിരീകരിച്ചാൽ മാത്രമേ മരുന്ന് ഉപയോഗിക്കൂ.
ഇതിനിടെ രോഗലക്ഷണങ്ങളുമായി തൊടുപുഴയിൽ നിന്ന് രണ്ട് പേർ കൂടി കളമശേരിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ യുവാവ് പഠിച്ച തൊടുപുഴയിലെ കോളേജിൽ നിന്ന് പന്നിഫാമിലേക്ക് തീറ്റ ശേഖരിച്ചു കൊണ്ട് പോയ ആളാണ്. സ്ഥിതി ഗതികൾ അവലോകനം ചെയ്യാൻ നാളെ വൈകീട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ യോഗം ചേരും.
