ആറു മാസത്തെ അധ്വാനത്തിനും കഷ്ടപ്പാടിനുമൊടുവിലാണ് തലവടിക്കാരുടെ സ്വപ്‍നം നീരണിഞ്ഞത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയുമുള്ള ലക്ഷണമൊത്ത ചുണ്ടൻ.
ആലപ്പുഴ: പുന്നമടയിലെ ജലരാജാവാകാൻ കുട്ടനാട്ടിൽ നിന്നും മറ്റൊരു ചുണ്ടൻ കൂടി. തലവടിക്കാരുടെ അഭിമാനമായ തലവടി ചുണ്ടനാണ് പുതുവർഷത്തിൽ നീരണിഞ്ഞത്. ആറു മാസം കൊണ്ട് നിർമ്മിച്ചെടുത്ത ചുണ്ടൻ ആദ്യം മാറ്റുരയ്ക്കുക നെഹ്റു ട്രോഫിയിലായിരിക്കും.
ആറു മാസത്തെ അധ്വാനത്തിനും കഷ്ടപ്പാടിനുമൊടുവിലാണ് തലവടിക്കാരുടെ സ്വപ്‍നം നീരണിഞ്ഞത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയുമുള്ള ലക്ഷണമൊത്ത ചുണ്ടൻ. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷി നിർത്തിയായിരുന്നു ചടങ്ങുകള്. ഒപ്പം ചെണ്ടമേളവും ആർപ്പുവിളികളും വഞ്ചിപ്പാട്ടും. തലവടിയുടെ സഹോദര്യവും, മതസൗഹാർദ്ദവും വിളിച്ചോതി ചുണ്ടൻ ഇനി പുന്നമടയിൽ പായും.
കഴിഞ്ഞ ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും മാലിപ്പുരയിൽ എത്തിച്ചത്. കോയിൽമുക്ക് സാബു നാരായണൻ ആചാരി നിർമാണത്തിന് നേതൃത്വം നൽകി. നെഹ്‌റു ട്രോഫിയിലാണ് തലവടി ചുണ്ടൻ ആദ്യം മത്സരിക്കുക.
