സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും വിലങ്ങാട് ദുരന്തബാധിതർക്കുള്ള ബജറ്റ് വിഹിതത്തെയും താമരശ്ശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയൽ രൂക്ഷമായി വിമർശിച്ചു. മദ്യത്തിന്റെ നികുതി കുറച്ചതും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനവും പിൻവലിക്കണം

സംസ്ഥാന സർക്കാർ മദ്യത്തിന്റെ നികുതി കുറച്ചതിലും വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിനുള്ള തീരുമാനത്തിലും രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയൽ. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ഈ തീരുമാനങ്ങളെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരാണെന്ന് പറയുന്നവരിൽ നിന്നും ഇത്തരം ഒരു ലഹരി പ്രോത്സാഹന നടപടി ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം പിന്നീട് വലിയ ലഹരികളിലേക്ക് ജനങ്ങളെ നയിക്കുമെന്നും, സർക്കാരിന്റെ ഈ പുതിയ തീരുമാനം ലഹരിമുക്ത ലക്ഷ്യങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു. തീരുമാനം തൂഫാൻ പദ്ധതിയുടെ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതാണെന്നും താമരശ്ശേരി ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിലങ്ങാട് തുക തീരെ കുറവ്

വിലങ്ങാട് ദുരന്തബാധിത മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയ അഞ്ച് കോടി രൂപ തീരെ കുറവാണെന്നും ബിഷപ്പ് ചൂണ്ടിക്കാണിച്ചു. ഈ തുക തകർന്ന പ്രദേശങ്ങളിലെ റോഡ് സൈഡ് കെട്ടിപ്പടുക്കാൻ പോലും തികയില്ലെന്നും, എന്നാൽ സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ തുക അനുവദിക്കാമെന്ന ഉറപ്പ് അധികാരികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നേരത്തെ 12 കോടി രൂപ ചെലവഴിച്ച് ദുരന്തബാധിതർക്കായി 80 വീടുകൾ സഭ സ്വന്തം നിലയിൽ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.