'കൂറുമാറിയ സാക്ഷികളില്‍ രണ്ട് പേര്‍ ഇപ്പോഴും വനം വകുപ്പിലെ ജീവനക്കാരും മറ്റ് രണ്ട് പേര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുമാണ്.'

കോഴിക്കോട്: താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ച കേസില്‍ വിചാരണ വേളയില്‍ കൂറുമാറിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. കേസിന്റെ വിചാരണ വേളയില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.കെ.രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.കെ പ്രവീണ്‍കുമാര്‍, വി.പി സുരേന്ദ്രന്‍, എം. സുബ്രഹ്മണ്യന്‍ എന്നിവര്‍ നിര്‍ണ്ണായക സാക്ഷികളായിരുന്നു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ട കേസില്‍ ജീവനക്കാര്‍ കൂറുമാറി മൊഴി നല്‍കിയതാണ് പ്രതികളെ വെറുതെ വിടാനുണ്ടായ കാരണമെന്ന് മനസിലാക്കുന്നെന്ന് മന്ത്രി പറഞ്ഞു.

കൂറുമാറിയ സാക്ഷികളില്‍ രണ്ട് പേര്‍ ഇപ്പോഴും വനം വകുപ്പിലെ ജീവനക്കാരും മറ്റ് രണ്ട് പേര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുമാണ്. വകുപ്പിലെ തന്നെ ജീവനക്കാര്‍ കൂറുമാറി മൊഴി നല്‍കിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ഇവര്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണ്. വിരമിച്ച ജീവനക്കാരുടെ മേല്‍ സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരം എന്ത് നടപടി സ്വീകരിക്കണമെന്ന് വകുപ്പു മേധാവിയുമായും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും കൂടിയാലോചിച്ച് തീരുമാനിക്കും. കേസില്‍ വിധി പരിശോധിച്ച് പുനര്‍ വിചാരണയുടെ സാധ്യത ഉള്‍പ്പെടെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

2013ലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ഒരു വിഭാഗം ആളുകള്‍, സമരത്തിന്റെ മറവിലാണ് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ചത്. ഓഫീസ് ആക്രമിക്കുകയും വാഹനങ്ങളും ഓഫീസ് രേഖകളും ഉള്‍പ്പെടെ അഗ്നിക്കിരയാക്കുകയും ചെയ്തു. 80 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് വകുപ്പിന് ഉണ്ടായത്. 35 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. 

'സെക്രട്ടേറിയറ്റ് രാവണന്‍കോട്ട'; പിണറായി ഭരണത്തിൽ പാലും റൊട്ടിയും വരെ മുടങ്ങി, ധൂർത്ത് തുടരുന്നുവെന്ന് സുധാകരൻ

YouTube video player