കൊമ്പൻ ചരിഞ്ഞുവെന്നറിഞ്ഞത് വളരെ വിഷമമായെന്നും നാട്ടിലിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നും ശാന്തനായിരുന്നുവെന്നും മാനന്തവാടിയിലെ നാട്ടുകാര്‍ പറഞ്ഞു

ബെംഗളൂരു:മാനന്തവാടിയിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടി എലിഫന്‍റ് ആംബുലന്‍സില്‍ ബന്ദിപ്പൂര്‍ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതര്‍. എലിഫന്‍റ് ആംബുലന്‍സ് രാമപുര ക്യാമ്പിലെത്തി നിര്‍ത്തിയപ്പോള്‍ തന്നെ തണ്ണീര്‍ കൊമ്പൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പുറത്തേക്ക് നടത്തി ഇറക്കാനായില്ലെന്നുമാണ് കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പിന്നീട് ആന എഴുന്നേറ്റില്ല. പിന്നീട് അല്‍പസമയത്തിനകം ചരിഞ്ഞു. പെട്ടെന്നുള്ള മരണകാരണം സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോള്‍ പുരോഗമിക്കുന്നത്. ആനയ്ക്ക് ബാഹ്യമായ പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴും 15മണിക്കൂറിലധികം വെള്ളം കിട്ടാതെ കഴിഞ്ഞതിന്‍റെ അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുണ്ടായിരുന്നിരിക്കാമെന്ന അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്.

ഉച്ചയോടെയായിരിക്കും ആനയുടെ പോസ്റ്റ് മോര്‍ട്ടം ആരംഭിക്കുക. ഇതിനുശേഷമായിരിക്കും യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുക. പിടിച്ചുകൊണ്ടുപോയതിന്‍റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് മാനന്തവാടിക്കാരെ കണ്ണീരിലാഴ്ത്തി മരണവാര്‍ത്തയെത്തുന്നത്. കൊമ്പൻ ചരിഞ്ഞുവെന്നറിഞ്ഞത് വളരെ വിഷമമായെന്നും നാട്ടിലിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നും ശാന്തനായിരുന്നുവെന്നും മാനന്തവാടിയിലെ നാട്ടുകാര്‍ പറഞ്ഞു. വയനാട്ടിലെ ഡിഎഫ്ഒമാരും രാമപുരയിലെത്തിയിട്ടുണ്ട്. എലഫന്‍റ് സ്ക്വാഡിലെ കോര്‍ ടീമും ക്യാമ്പില്‍ തുടരുന്നുണ്ട്. കേരള -കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തുടര്‍നടപടികള്‍. ആനയെ കൈമാറുന്നത് വരെ പ്രശ്നം ഉണ്ടായിരുന്നില്ലെന്നും ബാഹ്യമായ ആരോഗ്യ പ്രശ്നങ്ങളും കണ്ടിരുന്നില്ലെന്നും മയക്കുവെടി ഏറ്റാൽ ഉള്ള പതിവ് ക്ഷീണം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് വെറ്ററിനറി ടീം പറയുന്നത്. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആന തീറ്റയും വെള്ളവും കൃത്യമായി എടുത്തിരുന്നില്ലെന്നും സൂചനയുണ്ട്.


നിർജലീകരണം ആനയുടെ സ്ഥിതി മോശമാകാൻ കാരണമായിട്ടുണ്ടാകാം എന്നും വെറ്ററിനറി മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്. മാനന്തവാടിയിലെത്തിയ ആന ഇന്നലെ രാവിലെയാണ് പുഴയില്‍ ഇറങ്ങിയത്. അതിനുശേഷം ആന ജലസ്രോതസ്സുകള്‍ ഇല്ലാത്ത സ്ഥലത്താണ് അന തുടര്‍ന്നത്.15 മണിക്കൂറോളമാണ് മതിയായ വെള്ളം കിട്ടാതെ ആന നിന്നത്. മയക്കുവെടി കൊണ്ടാല്‍ കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യതയമുണ്ട്. ഇലക്ട്രൊലൈറ്റ് അളവ് കുറയാമെന്നും ഇത് ഹൃദയാഘാതം ഉണ്ടാക്കാമെന്നും തുടർച്ചയായി മണ്ണ് വാരി എറിഞ്ഞത് സൂചനയാണെന്നും വന്യജീവി വിദഗ്ധര്‍ പറയുന്നു. എന്തായാലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമായിരിക്കും മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാകുക.

അതേസമയം, സംഭവങ്ങളില്‍ ശക്തമായ വിമർശനവുമായാണ് കര്‍ണാടകയിലെ വന്യജീവി സംരക്ഷണ പ്രവർത്തകർ രംഗത്തെത്തിയത്. മനുഷ്യ - മൃഗ സംഘർഷത്തിന്റെ സാഹചര്യത്തിൽ മൃഗങ്ങളുടെ ജീവന് കൂടി വില നൽകുന്ന തരത്തിൽ നടപടികൾ എടുക്കാൻ വനം വകുപ്പുകൾക്ക്‌ കഴിയുന്നില്ല എന്ന് കർണാടക വനം വന്യജീവി സംരക്ഷണ ബോർഡ് മുൻ അംഗവും ആക്റ്റിവിസ്റ്റുമായ ജോസഫ് ഹൂവർ ആരോപിച്ചു. മൂന്നാഴ്ചയ്ക്ക് അകം 2 തവണ മയക്കുവെടി ഏറ്റത് തണ്ണീർ കൊമ്പന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരിക്കാം. റേഡിയോ കോളർ അടക്കം മോണിറ്റർ ചെയ്യാൻ ഉള്ള സംവിധാനം നമ്മുടെ വനം വകുപ്പുകൾക്ക് ഇല്ലെന്നും ആനകളുടെ മരണങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും ജോസഫ് ഹൂവര്‍ ആവശ്യപ്പെട്ടു. 

തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു, ദാരുണ സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം, കാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് വലിയ വിഷമം ഉണ്ടാക്കിയെന്ന് മാനന്തവാടിയിലെ നാട്ടുകാര്‍