തിരുവനന്തപുരം: 'നനഞ്ഞ തോര്‍ത്ത്മുണ്ട് പൊത്തി ജനല്‍ചില്ലില്‍ ചെറിയൊരു തട്ടുകൊടുത്താല്‍ മതി, ജനാലച്ചില്ല് പൊട്ടുന്ന ശബ്ദം കേള്‍ക്കില്ല, നിരന്തരശ്രമങ്ങള്‍ കൊണ്ട് സിദ്ധിച്ച മെയ് വഴക്കത്തോടെ കമ്പികള്‍ വളച്ചു അകത്തു കയറുമ്പോള്‍ വീട്ടിനുള്ളില്‍ ഉറങ്ങുന്നവരുടെ ഉറക്കം അളക്കാന്‍ സാധിക്കും. അതിനായി ഉള്ളംകാലില്‍ ഊതിയാല്‍ മതി.' തസ്‌കരന്‍ മണിയന്‍പിള്ളയുടെ മോഷണാനുഭവങ്ങള്‍ നിശാഗന്ധിയിലെ വലിയ സദസ് കൗതുകത്തോടെ കേട്ടിരുന്നു. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന്റെ സെഷനിലാണ് തസ്‌കരന്‍ മണിയന്‍പിള്ള തന്റെ മോഷണതന്ത്രങ്ങള്‍ പങ്കുവച്ചത്.

കമ്പി വളച്ചു കയറാനും അടുക്കള വഴി കയറാനുമാണ് ശ്രമിച്ചിട്ടുള്ളത്. മുന്നിലുള്ള വാതിലിലൂടെ കയറാന്‍ ഇതുവരെ ധൈര്യമുണ്ടായിട്ടില്ലെന്നും മണിയന്‍പിള്ള പറഞ്ഞു. കയറുന്ന വീട്ടില്‍ സമയം ഉണ്ടെങ്കില്‍ ആ വീട്ടിലെ കുളിമുറിയില്‍ കുളിക്കുകയും അവരുടെ വസ്ത്രങ്ങള്‍ ധരിച്ച് തിരികെ പോവുകയും ചെയ്യും. ഇതുവരെയും സ്ത്രീകളെ ഉപദ്രവിക്കാനോ അവരുടെ ശരീരത്തില്‍ കിടക്കുന്ന ആഭരണങ്ങള്‍ എടുക്കാനോ ശ്രമിച്ചിട്ടില്ല. പതിനാറാം വയസ്സില്‍ തുടങ്ങിയ മോഷണം ഒരു കലയെ പോലെയാണ് സ്‌നേഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഷ്ടിച്ച സമ്പാദ്യങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന സദസ്സിന്റെ സംശയത്തിന് കളവുമുതല്‍ കൊണ്ട് താന്‍ നാലു പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം മറുപടി നല്‍കി.