Asianet News MalayalamAsianet News Malayalam

വനിത ഡോക്ടറെ ആക്രമിച്ച പ്രതി പൊലീസിന് മുന്നിൽ ഹാജരായേക്കും,ജാമ്യം കിട്ടും,ഡോക്ടർ അവധിയിൽ,വിദേശത്തേക്ക് പോകും

മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനാണ് കോടതി നിർദേശം. സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശം ഉണ്ട്

The accused who assaulted the woman doctor may appear before the police, the court said that if the arrest is recorded, the bail should be given
Author
First Published Nov 28, 2022, 8:03 AM IST

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽകുമാർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരായേക്കും. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനാണ് കോടതി നിർദേശം. സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശം ഉണ്ട്. മുൻകൂർ ജാമ്യം തേടുന്നതിന്‍റെ ഭാഗമായാണ് സെന്തിൽകുമാർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്.

ഇതിനിടെ മർദനമേറ്റ പിജി ഡോക്ടർ അവധിയിൽ പ്രവേശിക്കുകയാണ് . യുഎഇയിലേക്ക് പോകും. ആക്രമണത്തിൽ മാനസികമായി തളർന്നിരിക്കുകയാണെന്ന് വനിത ഡോക്ടർ ഒപ്പമുള്ളവരോടും ഡോക്ടർമാരുടെ സംഘടനകളേയും അറിയിച്ചിരുന്നു
 
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്പോഴായിരുന്നു മർദനം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ച് ഡോക്ടർമാർ പ്രതിഷേധത്തിലായിരുന്നു. ഡോക്ടർമാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കം സമര പരിപാടികളും നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതി കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെ ആക്രമിച്ചാൽ അത് ജാമ്യമില്ലാ കുറ്റമാണ്. എന്നാൽ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ മെല്ലെപ്പോക്ക് നടത്തിയ പൊലീസ് പ്രതിയ്ക്ക് ജാമ്യം നേടുന്നതിനടക്കം സാഹചര്യം ഒരുക്കുകയാണെന്ന് ആക്ഷേപം തുടക്കം മുതൽ ഉയർന്നിരുന്നു. കോടതി നിർദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലിറങ്ങാൻ പ്രതിക്ക് നിലവിൽ സാധിക്കും. നിലവിൽ വളരെ നിസാര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന പരാതിയും ആരോഗ്യപ്രവർത്തകർ ഉന്നയിക്കുന്നുണ്ട്

ആരോഗ്യപ്രവർത്തകർ സംരക്ഷിക്കപ്പെടേണ്ടവർ, ആക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ്; തല്ലുകൊണ്ട് ഗതികെടുമ്പോൾ നിയമം ഫയലിൽ!
 

Follow Us:
Download App:
  • android
  • ios