Asianet News MalayalamAsianet News Malayalam

ക്രമക്കേടിന് 'അയ്യപ്പൻ ശരണം': ദേവസ്വം ബോർഡ് സത്യവാങ്മൂലം തെറ്റെന്ന് പ്രസിഡന്‍റ് എ പദ്മകുമാർ

പ്രളയവും ശബരിമല സ്ത്രീപ്രവേശനവിധിയും അയ്യപ്പൻ മുൻകൂട്ടി കണ്ടിരുന്നെന്നും അതിനുളള പ്രതിവിധിയായാണ് 150 കോടി കടപ്പത്രത്തിൽ നിക്ഷേപിച്ചതെന്നുമായിരുന്നു ബോർഡിന്‍റെ വിചിത്രവാദം. 

the affidavit filed by devaswom board was wrong says a padmakumar
Author
Thiruvananthapuram, First Published Apr 28, 2019, 11:32 AM IST

കൊച്ചി: ജീവനക്കാരുടെ പിഎഫ് തുക കടപ്പത്രത്തിൽ നിക്ഷേപിച്ചത് പ്രതിസന്ധി അയ്യപ്പൻ മുൻകൂട്ടി കണ്ടതുകൊണ്ടെന്ന സത്യവാങ്മൂലം തെറ്റെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ. പ്രളയവും സ്ത്രീപ്രവേശനവും അയ്യപ്പൻ നേരത്തേ അറിഞ്ഞെന്ന് സത്യവാങ്മൂലത്തിൽ പരാമർശം നടത്തിയത് തെറ്റാണ്. ഇങ്ങനെയൊരു വിചിത്രവാദം സത്യവാങ്മൂലത്തിൽ എഴുതിയ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും. ഇപ്പോഴുള്ള പരാമർശങ്ങൾ തിരുത്തി പുതിയ സത്യവാങ്മൂലം നൽകുമെന്നും പദ്മകുമാർ വ്യക്തമാക്കി.  

ദേവസ്വംബോർഡിന്‍റെ വിചിത്രവാദം

ജീവനക്കാരുടെ പി എഫ് തുക ധനലക്ഷ്മി ബാങ്കിന്‍റെ കടപ്പത്രത്തിൽ നിക്ഷേപിച്ചത് ചോദ്യം ചെയ്തുളള ഹർജിയിലാണ് വിചിത്രമായ മറുപടി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയത്. ശബരിമലയാണ് ദേവസ്വം ബോർഡിന്‍റെ പ്രധാന വരുമാന മാ‍ര്‍ഗ്ഗം. നൂറ്റാണ്ടിനിടെയുണ്ടായ പ്രളയവും സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയും ബോർഡിന് അപ്രതീക്ഷിതമായിരുന്നു.

എന്നാൽ, ശബരിമല അയ്യപ്പൻ എല്ലാം മുൻകൂട്ടി കണ്ടെന്നാണ് ദേവസ്വം ബോർഡിന്‍റെ കണ്ടെത്തൽ. അതുകൊണ്ടാണ് ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി മുന്നിൽക്കണ്ട് അയ്യപ്പൻ പി എഫ് തുക കടപ്പത്രത്തിൽ നിക്ഷേപിപ്പിച്ചതെന്നായിരുന്നു ദേവസ്വംബോ‍ഡിന്‍റെ വിചിത്രവാദം. 

ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അയ്യപ്പൻ തന്നെ തുറന്ന വഴിയാണ് ധനലക്ഷ്മി ബാങ്കിലെ ഈ നിക്ഷേപമെന്നുമാണ് ബോർഡ് സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരിക്കുന്നത്. 150 കോടിയുടെ പിഎഫ് നിക്ഷേപം പിൻവലിച്ചായിരുന്നു ധനനക്ഷ്മി ബാങ്കിന്‍റെ ബോണ്ടിൽ നിക്ഷേപിച്ചത്.

ബോർഡിന്‍റെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഈ നടപടി അപകടകരമാണെന്ന് ഓഡിറ്റ് വിഭാഗവും നേരത്തെ കണ്ടെത്തിയിരുന്നു. പിഎഫ് തുക ബോണ്ടിലും മറ്റ് നിക്ഷേപിക്കുന്നത് അത്ര സുരക്ഷിതമല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഉയർന്ന പലിശ നിരക്ക് ലഭിക്കാൻ മറ്റ് ബദൽ നിക്ഷേപ മാർഗങ്ങളില്ലെന്ന മറുപടിയാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios